എംഎസ്എഫ് ജില്ലാ നേതാവിന് കൊവിഡ്, ഉറവിടം വ്യക്തമല്ല; പങ്കെടുത്തത് നിരവധി പരിപാടികളില്‍, ആശങ്ക

By Web TeamFirst Published Jul 6, 2020, 8:01 PM IST
Highlights

ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. പ്രമുഖ ജനപ്രതിനിധികള്‍ ഈ പരിപാടികളില്‍ പങ്കെടുത്തു എന്നാണ് വിവരം

പത്തനംതിട്ട: പത്തനംതിട്ടയിൽ എംഎസ്എഫ് ജില്ലാ നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരനാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇയാള്‍ എസ്എസ്‍എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. പ്രമുഖ ജനപ്രതിനിധികള്‍ ഈ പരിപാടികളില്‍ പങ്കെടുത്തു എന്നാണ് വിവരം. ഇയാള്‍ റേഷന്‍ കട നടത്തുന്ന ആളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് പേര്‍ ഇവരെ വന്നിരുന്നു. ഇയാള്‍ക്ക് സ്വന്തമായി ഒരു ബേക്കറിയുമുണ്ട്. എത്രയും വേഗത്തില്‍ ഇയാളുടെ റൂട്ട്മാപ്പ് പുറത്തുവിടാന്‍ ശ്രമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ പ്രഥമിക ചികിത്സ തേടുകയും രോഗലക്ഷണങ്ങള്‍ക്ക് മാറാത്തതിനെ തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് സ്രവ പരിശോധന പോസിറ്റീവായത്.

അതേസമയം, പത്തനംതിട്ടയിൽ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 17 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

click me!