ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയും വ്യാജ ഓഡിയോ ബുക്കും ഇ ബുക്കും പ്രചരിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Jul 06, 2020, 08:24 PM IST
ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയും വ്യാജ ഓഡിയോ ബുക്കും ഇ ബുക്കും പ്രചരിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

Synopsis

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ സമൂഹമാധ്യമങ്ങൾ ഉള്‍പ്പെടെ ഏതു വിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. വ്യാജ പുസ്തകങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. 

തിരുവനന്തപുരം: ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയും വ്യാജ ഓഡിയോ ബുക്കുകളും ഇ ബുക്കുകളും പിഡിഎഫും പ്രചരിപ്പിച്ച അഞ്ചുപേരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ആര്‍ ബിജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ അശോകന്‍, ശ്രീജു, വിഷ്ണുഗോപന്‍, അനീഷ് ചെട്ടിക്കുളങ്ങര സ്വദേശിയായ ബിപിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പകര്‍പ്പവകാശ ലംഘനത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. 

പകര്‍പ്പവകാശ നിയമത്തിലെ 63-ാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പകര്‍പ്പവകാശമുള്ള മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ പല പുസ്തകങ്ങങ്ങളും ശബ്ദരൂപത്തിലാക്കി യു ട്യൂബിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ ഓഡിയോ ബുക്കായും ഇ ബുക്കായും സ്കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തിലും പ്രചരിക്കുന്നത് പ്രസാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പിന്നാലെ ഇവർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മാതൃഭൂമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, ഡി സി ബുക്സ്, തൃശൂര്‍ കറന്‍റ് ബുക്സ്, ഒലീവ് പബ്ലിക്കേഷന്‍സ്, ഗ്രീന്‍ ബുക്സ് എന്നിവ കൂടാതെ അനവധി വിദേശ പ്രസാധകരുടെ പുസ്തകങ്ങള്‍ ശബ്ദരൂപത്തിലൂം ഡിജിറ്റല്‍ രൂപത്തിലും പകര്‍ത്തി പ്രതികള്‍ അനധികൃതമായി വിതരണം ചെയ്യന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാജ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്ന ടെലിഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അംഗങ്ങളില്‍ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ സമൂഹമാധ്യമങ്ങൾ ഉള്‍പ്പെടെ ഏതു വിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. വ്യാജ പുസ്തകങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസാധകരുടെ സംഘടനയും പൊലീസിനെ സമീപിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്