
തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങൾ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.
വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിജാഗ്രത പുലര്‍ത്തേണ്ടിവരും. വാക്സിന്‍റെ പ്രതിരോധ ശേഷിയേയും മറികടക്കാൻ ഇത്തരം വൈറസുകള്‍ക്ക് കഴിഞ്ഞേക്കും. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല് രോഗികളിൽ ഒരാൾക്ക് ജനിതക മാറ്റം വന്ന വൈറസ് ആണ് രോഗ കാരണമാകുന്നത്. രോഗ വ്യാപനം കൂടിയാൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam