മേനംകുളം കിൻഫ്രയിൽ 80 പേർക്ക് കൊവിഡ്, സെക്രട്ടേറിയറ്റിലെ സുരക്ഷജീവനക്കാരനും രോഗബാധ

By Web TeamFirst Published Jul 28, 2020, 4:26 PM IST
Highlights

കിൻഫ്രാ യൂണിറ്റിലെ 300 പേരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് 88 പേർക്കും കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രാ പാർക്കിൽ ഇന്ന് 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കിൻഫ്രാ യൂണിറ്റിലെ 300 പേരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് 88 പേർക്കും കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. 

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. 

തിരുവനന്തപുരത്തെ പൂവാർ ഫയർ സ്റ്റേഷനിൽ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒൻപത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. പാറശ്ശാല താലൂക്കാശുപത്രിയിലെ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കൂട്ടിരിപ്പുകാരയിരുന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ ഇന്നൊരു മരണം കൂടി സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഹൃദ്രോഗിയായ ഇവർക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസീറ്റീവ് ഫലമാണ് വന്നത്. 

click me!