സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തണം; ആശങ്കയറിയിച്ച് ആരോഗ്യപ്രവർത്തകർ

By Web TeamFirst Published Oct 16, 2020, 7:01 AM IST
Highlights

രോഗ വ്യാപനം പാരമ്യത്തിലേക്ക് ഉയരുകയാണ്. ഇതുവരെ പരിശോധനകളുടെ എണ്ണം 80,000 ത്തില്‍ എത്തിക്കാൻ സംസ്ഥാനത്തിനായിട്ടില്ല. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് ഇക്കഴിഞ്ഞ ഏഴാം തിയതിയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍. ദിനംപ്രതിയുള്ള പരിശോധനകൾ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണമെന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. 100 പേരെ പരിശോധിക്കുമ്പോൾ എത്ര പേര്‍ക്ക് പോസിറ്റീവ് ആകുന്നുവെന്ന് കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 10ന് മുകളിലാണെന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.

രോഗ വ്യാപനം പാരമ്യത്തിലേക്ക് ഉയരുകയാണ്. ഇതുവരെ പരിശോധനകളുടെ എണ്ണം 80,000 ത്തില്‍ എത്തിക്കാൻ സംസ്ഥാനത്തിനായിട്ടില്ല. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് ഇക്കഴിഞ്ഞ ഏഴാം തിയതിയാണ്. അന്ന് പരിശോധിച്ചത് 73,816 പേരെയാണ്. രോഗം കണ്ടെത്തിയത് 10,000 ത്തിന് മുകളിലാണ്. പരിശോധന കൂട്ടിയാൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണവും കൂടുമെന്ന് വ്യക്തം. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തി മാറ്റിനിര്‍ത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ കിറ്റുകളുടേയോ പരിശോധന സംവിധാനങ്ങളുടേയോ കുറവില്ലെന്നിരിക്കെ, പരിശോധനകളുടെ എണ്ണം കൂട്ടാത്തത് രോഗികളുടെ എണ്ണം കുറച്ചുകാട്ടാനാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നുയരുന്നുണ്ട്. ഒരു ലക്ഷം പരിശോധനകൾ ദിനംപ്രതി നടത്തണമെന്ന നിര്‍ദേശം സർക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും നല്‍കിയിരുന്നുവെങ്കിലും അതും അവഗണിച്ച മട്ടാണ്.

click me!