
തിരുവനന്തപുരം: കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാന്‍ പിന്നിലാണെന്ന കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ ആയുധമാക്കി ബിജെപി രംഗത്തെത്തിയതോടെ സംസ്ഥാന കൊവിഡിന്റെ പേരില്‍ രാഷ്ട്രീയപ്പോരിലേക്ക്.കൊവിഡ് പരിശോധന കുറഞ്ഞതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. അതേ സമയം, കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമാണെന്നാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
പത്തുലക്ഷം പേര്‍ക്ക് 324 എന്ന കണക്കിലാണ് ദേശീയ പരിശോധന നിരക്കെന്നിരിക്കെ കേരളത്തില്‍ ഇത് 212 മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ഇത് ആയുധമാക്കുകയാണ് ബിജെപി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ക്ക് മുഖ്യമന്ത്രിക്ക് എന്ത് മറുപടിയുണ്ടെന്ന് ചോദിച്ച് കേന്ദ്ര വി മുരളീധരന്‍ രംഗത്തെത്തി. കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറവാണെന്നതില്‍ സര്‍ക്കാരിന് റോളില്ലെന്നും പൊതു ആരോഗ്യസംവിധാനത്തിന്റെ മെച്ചമാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ എന്ന് അവകാശപ്പെട്ടിട്ട് ഇപ്പോള്‍ രോഗവ്യാപനത്തിലാണ് കേരളം മുന്നിലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
പ്രതിപക്ഷം വിമര്‍ശമുന്നയിക്കുമ്പോള്‍ പ്രത്യേക കൊവിഡ് ആശുപത്രികളും സൗജന്യ റേഷനും 20000 കോടി രൂപയുടെ പാക്കേജുമെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ പരിശോധനകളുട എണ്ണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്നതാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍. വരും ദിവസങ്ങളില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam