ആശങ്കയൊഴിയാതെ തിരുവനന്തപുരം; പരിശോധന കുറഞ്ഞ ദിവസവും 500 കടന്നു

By Web TeamFirst Published Sep 21, 2020, 6:40 PM IST
Highlights

രോഗ വ്യാപനത്തില്‍ കോഴിക്കോട്(376), മലപ്പുറം(349), കണ്ണൂര്‍(314) ജില്ലകള്‍ ഇന്നും മുന്നൂറ് കടന്നു. മറ്റ് ജില്ലകളില്‍ രോഗവ്യാപനം 200 കടന്നിട്ടില്ല.
 

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തില്‍ ആശങ്കയൊഴിയാതെ തലസ്ഥാന ജില്ല. പരിശോധന കുറഞ്ഞ ദിവസമായിരുന്നിട്ട് പോലും ജില്ലയിലെ രോഗികളുടെ എണ്ണം 500 കടന്നു. 533 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 497 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ 519 പേര്‍ രോഗമുക്തി നേടി.

രോഗ വ്യാപനത്തില്‍ കോഴിക്കോട്(376), മലപ്പുറം(349), കണ്ണൂര്‍(314) ജില്ലകള്‍ ഇന്നും മുന്നൂറ് കടന്നു. മറ്റ് ജില്ലകളില്‍ രോഗവ്യാപനം 200 കടന്നിട്ടില്ല. അതേസമയം അവധിയായതിനാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
 

click me!