ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തരമായി ഇറക്കി. ടേക്ക് ഓഫിനിടെ ടയർ പൊട്ടിയതായി സംശയിക്കുന്ന വിമാനത്തിലെ 160 യാത്രക്കാരും സുരക്ഷിതരാണ്. 

കൊച്ചി: കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് വിവരങ്ങൾ. വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. സാങ്കേതിക തകരാർ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ്. ഇന്ന് പുലർച്ചെ 1.15നാണ് വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്. കോഴിക്കോട്ടേക്ക് റോഡ് മാർഗം പോകണമെന്ന് യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നിർദ്ദേശം വന്നിട്ടുണ്ട്. വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ അധികൃതരുമായി വാക്കുതർക്കത്തിലാണ്.

Add Asianetnews as a Preferred SourcegooglePreferred

വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയായിരുന്നു. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു.

വിമാനം സുരക്ഷിതമായി കൊച്ചിയിൽ ലാൻഡ് ചെയ്തതായും യാത്രക്കാരെ എല്ലാവരെയും റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് ടയറിൽ തകരാർ ഉണ്ടായേക്കാമെന്ന വിവരം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനുമാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊച്ചിയിൽ വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകൾ നടന്നു വരികയാണെന്നും കമ്പനി അറിയിച്ചു.