Covid Vaccination| സംസ്ഥാനത്തെ ആകെ വാക്സിനേഷൻ 4 കോടി ഡോസ് കടന്നു

By Web TeamFirst Published Nov 9, 2021, 5:40 PM IST
Highlights

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കൊവിഡ് 19 (covid 19) വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി, വാക്‌സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ എന്നിവയും നടപ്പിലാക്കി.

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളില്‍ 2,08,57,954 ഡോസ് വാക്‌സിനും പുരുഷന്‍മാരില്‍ 1,93,42,772 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.

കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ.

click me!