രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്, ഇടതുമുന്നണിയിൽ തീരുമാനം

By Web TeamFirst Published Nov 9, 2021, 5:24 PM IST
Highlights

ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ  നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്.

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( rajya sabha seat) കേരള കോൺഗ്രസിന് ( kerala congress) നൽകാൻ ഇടതുമുന്നണിയിൽ (ldf)തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ  നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എല്‍ഡിഎഫില്‍ എത്തിയതിനെ തുടര്‍ന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്. 

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും ജോസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വര്‍ഷം മാത്രമേ കാലാവധി ഉള്ളതിനാല്‍ ജോസ് രാജ്യസഭയിലേക്ക് പോകണമെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതിന് ശേഷം നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അതേ സമയം  സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്. 

രാജ്യസഭാ സീറ്റിൽ മത്സരിക്കുമോ? 'തീരുമാനിക്കേണ്ടത് പാർട്ടി', സാധ്യത തള്ളാതെ ജോസ് കെ മാണി

ഇടത് മുന്നണിയിൽ കൂടുതൽ മേൽക്കൈ നേടുകയാണ് കേരളാ കോൺഗ്രസ് എം വിഭാഗം. നിലവിൽ ഒരു മന്ത്രിസ്ഥാനവും  ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോർഡ്‌ കോർപ്പറേഷൻ  പദവിയും കേരളാ കോൺഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. 

അതേ സമയം കെ റെയിൽ ശബരിമല വിമാനത്താവളം അടക്കം കേരളത്തിൻ്റെ വികസന പദ്ധതികള്‍ക്ക്‌ എതിരായി കേന്ദ്രം നിൽക്കുന്നു എന്ന പ്രചാരണമുയർത്തി നവംബർ 30 ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇടത് മുന്നണി തീരുമാനിച്ചു. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ പ്രതിനിധികളെ നൽകാൻ ഘടകക്ഷികൾക്ക് കത്തും നൽകി

click me!