മിനുട്ടുകൾക്കുള്ളിൽ രണ്ട് തവണ കൊവിഡ് വാക്സിൻ കുത്തിവച്ചു, പരാതിയുമായി മധ്യവയസ്ക

By Web TeamFirst Published Mar 17, 2021, 10:17 AM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്സിന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്...

കോഴിക്കോട്: കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്സിന്‍ നല്‍കിയതായി പരാതി. ഇതിനെ തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

കെട്ടാങ്ങൽ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയ്ക്കാണ് രണ്ട് ഡോസ് കൊവിഡ് വാക്സിന് മിനിറ്റുകള്‍ക്കുള്ളില്‍‍ നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്സിന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്സിന് പറ്റിയ അബദ്ധമാണിതെന്ന് പ്രസീത പറയുന്നു. ഒരു ഡോസ് വാക്സിൻ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്.

കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലെ അലംഭാവത്തിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രസീത. ആരോഗ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.

click me!