
തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാരും ഇടപെടുന്നു . ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ആരാഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്.
വിഷയം പുറത്തറിഞ്ഞ ഉടനെ തന്നെ സംസ്ഥാന സർക്കാരും ഇടപെട്ടിരുന്നു. മലയാളികളെ നാട്ടിലെത്തിക്കാൻ നോർക്ക സിഇഒയെ ആണ് ചുമതലപ്പെടുത്തിയത്. ഇറാനിലെ എംബസിയുമായി നോർക്ക സിഇഒ ബന്ധപ്പെടുകയും ചെയ്തു. ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. 23 പേരാണ് പുറത്തിറങ്ങാന്‍ സാധിക്കാതെ മുറിയില്‍ കഴിയുന്നത് . 17 പേരാണ് ഇതിൽ മലയാളികള്‍. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇവർ ബുദ്ധിമുട്ടിലായത്. ആളുകൾ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകൾ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്. സ്പോൺസറുമായും ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പരിമിതമായ ഭക്ഷണം മാത്രമാണ് അവർക്ക് കിട്ടുന്നത്. തിരികെ എത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം. രണ്ട് ദിവസമായി ബുദ്ധിമുട്ടുകയാണ് ഇവരെന്നും ബന്ധുക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് വരികയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ വിമാനമാർഗ്ഗം തിരികെയെത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഭക്ഷണവും വെള്ളവും ഉടൻ എത്തിക്കും. തിരികെയെത്തിക്കാൻ ആവശ്യമായ ഇടെപടൽ സർക്കാർ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam