തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ

By Web TeamFirst Published Oct 1, 2022, 8:30 AM IST
Highlights

ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്.

തൃശൂര്‍ : തൃശൂർ പാലപ്പിള്ളിയിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടർന്ന് ചത്തിരുന്നു. 

അതേസമയം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

ഇതിനിടെ തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

Read More : വല തകര്‍ത്ത് ആക്രമണം, കായംകുളത്ത് 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് നായ്ക്കളെ കൊല്ലാൻ അനുമതിയില്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാർപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്ക്കാരിൻറെ  ആവശ്യം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍  അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടം കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

(ചിത്രം പ്രതീകാത്മകം )

click me!