ലാത്തിച്ചാര്‍ജ്ജില്‍ എംഎല്‍എയുടെ കയ്യൊടിഞ്ഞു: പ്രതിഷേധവുമായി സിപിഐ, റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

By Web TeamFirst Published Jul 23, 2019, 5:54 PM IST
Highlights

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരും പൊലീസും പരസ്പരം ആക്രമിച്ചു. ഇതിനിടെ എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് അടിച്ചതെന്നാണ് സിപിഐയുടെ ആരോപണം

കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ ചൊല്ലി സിപിഐ-സിപിഎം പോര് മുറുകുന്നു. ജില്ലയിലെ സിപിഐ-സിപിഎം നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ നേരത്തെ നിലനിന്ന അഭിപ്രായ ഭിന്നതകളാണ് പൊലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് പുതിയ തലത്തിലേക്ക് മാറുന്നത്. 

പൊലീസ് ലാത്തിചാര്‍ജിലെ തങ്ങളുടെ അതൃപ്തി സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് പാര്‍ട്ടിയുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ ലാത്തിചാര്‍ജ്ജിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം കളക്ടര്‍ എസ് സുഹാസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

എറണാകുളം ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സിപിഐ നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ എല്‍ദോ എബ്രഹാമായിരുന്നു മാര്‍ച്ചിന്‍റെ ഉദ്ഘാടകന്‍. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരും പൊലീസും പരസ്പരം ആക്രമിച്ചു. 

ഇതിനിടെ എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് അടിച്ചതെന്നാണ് സിപിഐയുടെ ആരോപണം. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയനാക്കി. ഇതോടെയാണ് കൈക്ക് പൊട്ടലുള്ള കാര്യം അറിയുന്നത്. ഇതോടെ അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.   

എംഎല്‍എയെ കൂടാതെ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എഐവൈഎഫ് നേതാക്കള്‍ എന്നിങ്ങനെ ഏഴോളം പേര്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം സിറ്റിപൊലീസ് അസി. കമ്മീഷണർ കെ ലാൽജി, സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്ഐ വിപിൻ‌ദാസ് എന്നീ പോലീസ് ഉദ്യോഗസ്ഥരും പരുക്കേറ്റ് ആശുപത്രിയിലാണ്.  

മുഖ്യമന്ത്രിക്ക് പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ മനസ്സിലാവുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷി എംഎൽഎയ്ക്ക് പോലും പൊലീസിൽ നിന്ന് രക്ഷയില്ലെന്നും പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട ചെന്നിത്തല ചുരുങ്ങിയ പക്ഷം ഇക്കാര്യത്തില്‍ പ്രതികരിക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറാവണമെന്നും പറഞ്ഞു. 

click me!