തൃശൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസ് പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു

By Web TeamFirst Published Oct 7, 2020, 12:39 AM IST
Highlights

തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു

തൃശൂർ: തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു. തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദൻ. കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം.

നാലു തവണ കോൺഗ്രസ് കൗൺസിലറായിരുന്ന മുകുന്ദൻ തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. കൗൺസിലർ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാൻ തീരുമാനിച്ചത്. സിപിഎം. നേതാക്കൾക്കൊപ്പമാണ് എംകെ മുകുന്ദൻ തൃശൂരിൽ വാർത്താ സമ്മേളനം വിളിച്ചത്.

1992 ഫെബ്രുവരി 29നായിരുന്നു തൃശൂരിൽ എസ്എഫ്ഐ നേതാവ് കൊച്ചനിയൻ കൊല്ലപ്പെട്ടത്. കെഎസ് യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എംഎസ് അനിൽകുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി. 

36 വർഷം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദൻ സിപിഎം ക്യാംപിൽ എത്തുന്നത്. പക്ഷേ, കൊച്ചനിയൻ കേസിലെ പ്രതിയെ പാർട്ടി സ്വീകരിച്ചതില്‍ സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമാണ്.

click me!