'ഫേസ്ബുക്ക് ലൈക്ക് കൂട്ടുകയല്ലാതെ ഒന്നും ചെയ്യുന്നില്ല'; കയര്‍മന്ത്രിക്കെതിരെ സിപിഐ

By Web TeamFirst Published Feb 26, 2020, 8:00 AM IST
Highlights

പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണെന്ന് സിപിഐ

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വിമര്‍ശിച്ചു.

കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം. പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്.

ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാൻ കയർ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

തോമസ് ഐസക്കിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ തന്നെയാണ് സിപിഐയും ഉന്നയിക്കുന്നത്. മന്ത്രിക്കെതിരെ പരസ്യപ്രതിഷേധത്തിന് കൂടി ഇറങ്ങിയതോടെ സിപിഎം-സിപിഐ പോരിലേക്ക് കൂടി കാര്യങ്ങൾ നീങ്ങുകയാണ്.  

സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സംഘടനയുടെ സമരം; നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മികച്ച ബജറ്റ്: കാനം രാജേന്ദ്രന്‍

click me!