മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചത് പ്രതിഷേധാര്‍ഹം, ഖേദപ്രകടനം നടത്തണം; യു പ്രതിഭയ്ക്കെതിരെ സിപിഐ

By Web TeamFirst Published Apr 4, 2020, 3:18 PM IST
Highlights

മാധ്യമ പ്രവർത്തനത്തെക്കാള്‍ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാൽ കഴുകിയ വെള്ളം കുടിച്ചുകൂടെ എന്നായിരുന്നു പ്രതിഭ ഫേസ്ബുക്കിലൂടെ പറഞ്ഞത്.  

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച്  നടത്തിയ വിവാദ പരാമര്‍ശത്തില്‍ കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് എതിരെ സിപിഐ. ഒരു ഇടതുപക്ഷ ജനപ്രതിനിധി ഉപയോഗിക്കുവാൻ പാടില്ലാത്ത പദപ്രയോഗമാണ് പ്രതിഭ എംഎല്‍എ നടത്തിയതെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ആരോപിച്ചു. പരാമർശങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തുവാൻ  എംഎല്‍എ തയ്യാറാകണം. കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിലും പ്രതികൂല സാഹചര്യത്തിലും 24 മണിക്കൂറും പണിയെടുക്കുന്ന മാധ്യമ പ്രവർത്തകരെ പരസ്യമായി അപമാനിച്ച നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാധ്യമ പ്രവർത്തനത്തെക്കാള്‍ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാൽ കഴുകിയ വെള്ളം കുടിച്ചുകൂടെ എന്നായിരുന്നു പ്രതിഭ ഫേസ്ബുക്കിലൂടെ പറഞ്ഞത്. പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട തർക്കം വാർത്ത ആയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. പിന്നാലെ പ്രതിഭയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം പ്രതികരിച്ചു. പൊതു പ്രവർത്തകർക്ക് ചേരാത്ത നടപടി ആണ് പ്രതിഭയുടേതെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം, 

ഏറെ നാളായി കായംകുളം സിപിഎമ്മിൽ നിലനിൽക്കുന്ന വിഭാഗീയത യുടെ തുടർച്ചയാണ് മറനീക്കി പുറത്തു വന്നത്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കേണ്ട എംഎൽഎ,  ഓഫീസ് പൂട്ടി വീട്ടിൽ ഇരിക്കുന്നു എന്നായിരുന്നു പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുടെ വിമർശനം. ഇതിനു മറുപടിയായി ഡിവൈഎഫ്ഐ നേതാക്കളെ വൈറസുകൾ എന്ന്  വിളിച്ച് എംഎൽഎയും ഫേസ്ബുക്കിലൂടെ മറുപടി നൽകി. ഈ തർക്കം വാർത്ത ആയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. പ്രതിഭയുടെ അപകീർത്തികരമയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

click me!