
പാലക്കാട്: പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിലെ അരി വിതരണത്തിൽ പഞ്ചായത്ത് പ്രസിഡന്‍റിന് വീഴ്ച പറ്റിയെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റ്ററുടെ കണ്ടെത്തൽ. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച 1,000 കിലോ അരി എങ്ങനെ വിതരണം ചെയ്തെന്നോ ആർക്ക് നൽകിയെന്നോ രേഖകളിലില്ല. അന്വേഷണ റിപ്പോർട്ട് ജില്ലാകലക്ടർക്ക് സമർപ്പിച്ചു.
മൂന്ന് ദിവസം മുൻപാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ നിർധനർക്ക് വിതരണം ചെയ്യാൻ നൽകിയ ആയിരം കിലോ അരി പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങിയത്. പഞ്ചായത്തിലെ പാവങ്ങൾക്ക് അരി നൽകിയെന്നായിരുന്നു വിശദീകരണം. എന്നാൽ സിപിഎം പാർട്ടി ഓഫീസിലെത്തിച്ച അരി നേതാക്കൾ ഇടപെട്ട് തിരിമറി നടത്തിയെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റർ പ്രഥമിക അന്വേഷണം നടത്തി. അരി വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ മാർഗനിർദ്ദേശങ്ങൾ പഞ്ചായത്ത് പാലിച്ചില്ലെന്ന് ഡെപ്യൂട്ടി ഡയറക്റ്റർ കണ്ടെത്തി. സംഭവം അന്വേഷിക്കാൻ ജില്ല കളക്റ്ററെ ചുമതലപ്പെടുത്തിയതായി മന്ത്രി എ കെ ബാലൻ അറിയിച്ചു.
കഞ്ചിക്കോട് ആസ്ഥാനമായ പൊതുമേഖല സ്ഥാപനം ബെമൽ അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്തിന് കൈമാറിയതും രേഖകളിൽ ഇല്ല. സംഭവത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam