
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താൻ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എയിംസ് വിവാദമാക്കുന്നതിലൂടെ കേരളത്തിന് എയിംസ് നഷ്ടമാകാനാണ് സാധ്യത. എൽഡിഎഫ് രാഷ്ട്രീയം ശരിയാണ്. പക്ഷെ, സിപിഐ ആരുടെയും ബി ടീമല്ലെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എയിംസ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് സംസ്ഥാന ബിജെപി നേതൃത്വം. ഈ വിഷയത്തില്‍ സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി നിലപാടല്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു. എയിംസ് സ്ഥാപിക്കേണ്ടത് ആലപ്പുഴയില്‍ തന്നെയെന്ന് കടുംപിടുത്തം തുടരുന്നതിന്‍റെ കാരണം സുരേഷ് ഗോപി തന്നെ വിശീദകരിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ല നേതൃത്വവും ആവശ്യപ്പെട്ടു. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്. കേരളത്തില്‍ എവിടെയായാലും എയിംസിനെ സ്വാഗതം ചെയ്യുമെന്ന് കേരള ബിജെപി നേതൃത്വത്തിന്‍റെ പൊതു നിലപാട് ചോദ്യം ചെയ്യുന്ന രീതിയില്‍ തന്‍റെ നിലപാട് സുരേഷ് ഗോപി പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു.