
ആലപ്പുഴ: സിപിഎം എംഎൽഎക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി. അമ്പലപ്പുഴ എം എൽ എ എച്ച് സലാമിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ അഞ്ചലോസാണ് രംഗത്ത് വന്നത്. തോട്ടപ്പള്ളി കരിമണ്ണൽ ഖനനത്തിൽ എം എൽ എ സ്വീകരിക്കുന്നത് ഇരട്ടതാപ്പാണെന്നാണ് വിമർശനം. കരിമണ്ണൽ സമരത്തിനെതിരെ സംസാരിച്ചയാളാണ് എച്ച് സലാം എംഎൽഎയെന്നും സിപിഐക്കെതിരെ സംസാരിക്കാൻ മാത്രം അദ്ദേഹം വളർന്നിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറയുന്നു. പക്വത കാണിക്കേണ്ടത് എം എൽ എ ആയിരുന്നു. കരിമണ്ണൽ ഖനനത്തിന് അനുമതി നൽകിയ പഞ്ചായത്ത് പ്രസിഡന്റുമായി മണൽ എടുപ്പ് തടയാൻ പോയതല്ലേ പക്വത കുറവെന്നും ടി ജെ ആഞ്ചലോസ് ചോദിച്ചു.
തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പോർമുഖത്തിന്റെ ബാക്കിയാണിത്. കടൽ ക്ഷോഭത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി എംഎൽഎ ഇടപെട്ട് മണലെടുപ്പ് തടഞ്ഞതാണ് തർക്കത്തിന് തുടക്കം. എംഎൽഎയുടെ ഇടപെടലിനെ ചിരിദിനത്തോട് ഉപമിച്ചായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കം മൂലം പുറക്കാട്, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ തീര ശോഷണമാണ് സംഭവിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് പൊഴിമുഖത്തു നിന്ന് നീക്കം ചെയ്യുന്ന മണൽ ധാതുക്കൾ വേർതിരിച്ച ശേഷം കടലാക്രമണ ബാധിത മേഖലകളിൽ തിരികെ നിക്ഷേപിക്കണമെന്ന നിർദേശം സ്ഥലം എംഎൽഎ സലാം ഉന്നയിച്ചു. കരാറുകാർ ഇത് നടപ്പിലാക്കാൻ തയ്യാറാകാതെ വന്നതോടെ, എംഎൽഎ മണൽ നീക്കം തടഞ്ഞു. എംഎൽഎയുടെ ഇടപെടൽ മാധ്യമങ്ങളിൽ വാർത്തയായതോടെ, ഈ ചിത്രം 'ലോക ചിരി ദിനം' എന്ന തലക്കെട്ടോടെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറിയെ ട്രോളി എംഎൽഎയും രംഗത്ത് വന്നിരുന്നു. മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണേ സിംഹമേ എന്നുളളതായിരുന്നു മറുപടി. ഇതിന് പിന്നാലെ എംഎൽഎക്കെതിരെ എഐവൈഎഫും രംഗത്ത് വന്നു. സർക്കാർ ഖനനം നടത്താൻ അനുവാദം നൽകുകയും ഭരണകക്ഷി എംഎൽഎ തടയുകയും ചെയ്യുന്ന നടപടി പ്രഹസനമെന്ന നിലപാടിലാണ് സിപിഐ.