ജീവൻ രക്ഷിക്കണം, ഹെഡ്‍ലൈറ്റിട്ട് ആശുപത്രിയിലേക്ക് പാഞ്ഞ് ആനവണ്ടി; കൈയ്യടി വാങ്ങി രമേശും പ്രദീപും, യാത്രക്കാരും

By A KrishnamohanFirst Published Jul 9, 2022, 6:47 PM IST
Highlights

വയനാട് മാനന്തവാടി തോണിച്ചാലുകാരനാണ് കണ്ടക്ടർ പ്രദീപ്. ഡ്രൈവർ രമേശൻ പനമരം സ്വദേശിയാണ്. പനമരത്തെ പൊതുപ്രവർത്തകനും സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയുമാണ് രമേശൻ.

ഹെഡ് ലൈറ്റുകൾ തെളിച്ച് ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന ഒരു ആനവണ്ടി, അകമ്പടിയിൽ ത്രസിപ്പിക്കുന്ന സംഗീതം. വാട്സ്അപ്പിലും ഫേസ്ബുക്കിലുമൊക്കെ പാറിനടക്കുന്ന ഒരു വിഡിയോ നാമെല്ലാം ആദ്യമൊന്ന് കണ്ടുപോയി. എന്തിനാണ് ഒരു കെഎസ്ആർടിസി ബസ്, ഇമ്മട്ടിൽ ആശുപത്രിയിലേക്ക് പായുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. പോകെ പോകെ വീഡിയോയ്ക്ക് താഴെ അഭിനന്ദനപ്രവാഹം. അതിനിടെ ചിലർ രമേശിനെയും പ്രദീപിനെയും കുറിച്ച് പറഞ്ഞുതുടങ്ങിയിരുന്നു. ഒടുവിൽ ചിത്രം തെളിഞ്ഞു, കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തന്നെ യഥാർത്ഥ കഥ വന്നു.

ബസ്സിൽ ആകെ ബഹളം ?

രാവിലെ ആറിന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട ബസ്സാണ്. ഒൻപത് മണിക്ക് കോഴിക്കോട് സ്റ്റാൻഡ് പിടിക്കണം. നിറയെ യാത്രക്കാരും. എട്ടരയോടെ ബസ്സ് പൂളാടിക്കുന്ന് എത്തി. വലിയ ബഹളം കേട്ടാണ് ഡ്രൈവർ രമേശ് വണ്ടി ഒതുക്കിയത്. കാര്യം തിരക്കാൻ തിരിയും മുമ്പേ കണ്ടക്ടർ പ്രദീപ് മുന്നിലേക്ക് ഓടിവന്നു. ഒരാൾ വണ്ടിക്കുള്ളിൽ കുഴഞ്ഞുവീണിരിക്കുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. പെട്ടെന്ന് ഇരുവരും യാത്രക്കാരോട് തിരിക്കി, ഡോക്ടറോ നഴ്സോ ആരെങ്കിലും വണ്ടിയിൽ ഉണ്ടോ ? യാത്രക്കാരിൽ ഒരു ലേഡി ഡോക്ടറുണ്ടായിരുന്നു. അവർ പ്രാഥമിക ശുശ്രൂഷ നൽകി. ഉടൻ വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാരോട് ആലോചിച്ച് അവരുടെ സമ്മതംവാങ്ങി, വളരെ വേഗം ബസ്സ് റൂട്ട് തിരിച്ചുവിട്ടു.തൊട്ട് അടുത്തുള്ള ആശുപത്രിയായിരുന്നു ലക്ഷ്യം.

കെഎസ്ആര്‍ടിസിയിൽ പിടിമുറുക്കി സ്വിഫ്റ്റ്: സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഉടൻ ഏറ്റെടുക്കും

സഹകരിച്ച് യാത്രക്കാർ, വണ്ടി പായിച്ച് രമേശ്

യുവാക്കളായിരുന്നു യാത്രക്കാരിൽ അധികവും. തിരക്കേറിയ രാവിലെ സമയം, ലൈറ്റ് ഇട്ട് പാഞ്ഞുവരുന്ന ബസ്സിന് റോഡിലെ യാത്രക്കാരും വഴിമാറിക്കൊടുത്തു. വയനാട്ടുകാരായ രമേശിനും പ്രദീപിനും കോഴിക്കോട് അത്ര പരിചയമില്ല. എങ്കിലും ബസ്സിലെ യാത്രക്കാർ പറഞ്ഞതനുസരിച്ച് വഴി മാറി ഓടി. വളരെ വേഗം മലാപറമ്പിലെ ഇഖ്ര ആശുപത്രിലേക്ക് എത്തി. ലൈറ്റ് ഇട്ട് അതിവേഗം  ബസ്സ് പാഞ്ഞെത്തുന്നത് കണ്ട്, ആശുപത്രി ജീവനക്കാരും ആദ്യമെന്ന് അമ്പരുന്നു. അത്യാഹിതം എന്ന് ഉറപ്പിച്ച് സ്ട്രെച്ചറുമായി അവരും ബസ്സിനരികെ ഓടിയെത്തി. കുഴഞ്ഞുവീണയാളെ ആശുപത്രിയിലേക്ക് മാറ്റി.

പിന്നെ പലവഴിക്ക്, ഒടുവിൽ കോഴിക്കോട് സ്റ്റാൻഡിലേക്ക്

പൂളാടിക്കുന്നിൽ നിന്ന് വഴിതിരിഞ്ഞാണ് ബസ്സ് ആശുപത്രിയിലേക്ക് പോയത്. പലർക്കും ഇറങ്ങേണ്ട സ്ഥലങ്ങൾ മാറിമറിഞ്ഞിരുന്നു. എങ്കിലും ഒരു നന്മയ്ക്ക് വേണ്ടി അല്ല. അതല്ലേ അത്യാവശ്യം. ഇനി കോഴിക്കോടേക്ക് പോകുന്ന വഴിക്ക് ഞങ്ങളെ ഇറക്കിയാൽ മതി എന്ന് യാത്രക്കാർ പറഞ്ഞു. അങ്ങനെ പരാമവധി സൗകര്യമുള്ള ഇടങ്ങളിൽ ആളുകളെ ഇറക്കി, ബസ്സ് സ്റ്റാൻഡിലെത്തി. സമയക്രമം മാറിയതിനെ കുറിച്ച് മേലുദ്യോഗസ്ഥർ തിരക്കയപ്പോൾ, നടന്ന സംഗതികളെല്ലാം പ്രദീപും രമേശും വിശദീകരിച്ചു. സമയോചിതമായ ഇടപെടിലിനെ മേലുദ്യോഗസ്ഥരും അഭിനന്ദിച്ചു. അല്പം കഴിഞ്ഞ് ബസ്സുമായി ഇരുവരും മാനന്തവാടിയിലേക്ക് അടുത്ത ട്രിപ്പ് പുറപ്പെട്ടു.

കെഎസ്ആർടിസിയുടെ നിലനിൽപ്പിന് സ്വിഫ്റ്റ് അനിവാര്യം, ഹർജികൾ തള്ളിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി

സുഖം പ്രാപിച്ച് മധ്യവയസ്കൻ

തിരികെ മാനന്തവാടിക്ക് പോകും വഴി രമേശും പ്രദീപും ആശുപത്രിയിൽ വിളിച്ചു. കൃത്യസമയത്ത് എത്തിച്ചത് നന്നായി. കുഴഞ്ഞുവീണയാൾ ആരോഗ്യം വീണ്ടെടുത്തു. പതിവായി കാണിക്കുന്ന ആശുപത്രിയിലേക്ക് അദ്ദേഹം വൈകീട്ടോടെ മാറി. അൽപം പ്രയാസപ്പെട്ട് ഓടേണ്ടിവന്നെങ്കിലും അസുഖബാധിതനായ ആൾക്ക് കൈതാങ്ങ് ആയതിന്‍റെ സന്തോഷം ഉള്ളിലൊതുക്കി,  വണ്ടി ചുരം കയറി.

ഉള്ളുകൊണ്ട് സന്തോഷിക്കുന്ന ബ്രാഞ്ച് സെക്രട്ടറി

വയനാട് മാനന്തവാടി തോണിച്ചാലുകാരനാണ് കണ്ടക്ടർ പ്രദീപ്. ഡ്രൈവർ രമേശൻ പനമരം സ്വദേശിയാണ്. പനമരത്തെ പൊതുപ്രവർത്തകനും സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയുമാണ് രമേശൻ.

എല്ലാം ജോലിയുടെ ഭാഗം

അസുഖബാധിതന് സഹായമേകിയതിന്, അഭിനന്ദനം അറിയിക്കാൻ ഒരുപാട് പേർ വിളിക്കുന്നുണ്ടല്ലേ എന്ന് ചോദിച്ചാൽ ? എല്ലാം ജോലിയുടെ ഭാഗമല്ലേ, യാത്രക്കാരുടെ സഹകരണമാണ് ഇതിലൊക്കെ വലിയ സഹായമാകുന്നത് -  പ്രദീപും രമേശും ഇങ്ങനെ മറുപടി നൽകും. ശമ്പള പ്രതിസന്ധിയും പലവിധ വിഷയങ്ങളും കെഎസ്ആർടിസിയിലെ ജോലിയിലില്ലേ എന്ന് ചോദിച്ചാൽ? എല്ലാം ശരിയാകും , വൈകാതെ കോർപറേഷൻ ലാഭത്തിലാകും - എന്ന ശുഭപ്രതീക്ഷയാണ് ഇരുവരും പങ്കുവെയ്ക്കുന്നത്.

click me!