സിപിഐയുടെ ഉറച്ച തീരുമാനം, 6 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, 4 മന്ത്രിമാർക്കും അങ്കത്തിനിറങ്ങാം, 3 ടേം വ്യവസ്ഥ കർശനമായി നടപ്പാക്കും

Published : Mar 02, 2026, 07:53 PM IST
cpi news

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സിപിഐ തീരുമാനിച്ചു. ഇതോടെ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നഷ്ടമാകും, എന്നാൽ നാല് മന്ത്രിമാർക്കും വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സി പി ഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ ആറ് സിറ്റിംഗ് എം എൽ എമാർക്ക് ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടവരും. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി, ഇ കെ വിജയൻ എന്നിവർക്ക് ഇക്കുറി സീറ്റ് ലഭിക്കില്ല. ടേം വ്യവസ്ഥ കർശനമാക്കിയെങ്കിലും നിലവിലെ നാല് മന്ത്രിമാർക്കും വീണ്ടും ജനവിധി തേടാനാകും. റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കൃഷി മന്ത്രി പി പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നവർക്കാണ് മത്സരിക്കാനാകുക. ഇവരിൽ ആരും മൂന്ന് ടേം ആയിട്ടില്ല എന്നതാണ് കാരണം. 

സ്ഥാനാർഥി പട്ടിക വൈകില്ല

നെടുമങ്ങാടാണ് അനിലിന്‍റെ മണ്ഡലം. ചടയമംഗലത്താകും ചിഞ്ചുറാണി പോരിനിറങ്ങുക. ചേര്‍ത്തലയിൽ പ്രസാദും ഒല്ലൂരിൽ രാജനും വീണ്ടും ജനവിധി തേടുമെന്നാണ് വ്യക്തമാകുന്നത്. പാർട്ടിയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സി പി ഐ ടേം വ്യവസ്ഥ കർശനമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ മണ്ഡലം അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് സി പി ഐ നേതൃത്വത്തിന്റെ നീക്കം. സ്ഥാനാർഥി പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സി പി ഐ വൃത്തങ്ങൾ പറയുന്നത്.

എൽഡിഎഫിൽ കുറ്റ്യാടി തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സി പി എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ചർച്ചകൾ എൽ ഡി എഫിൽ കല്ലുകടിയാകുന്നു. ഇക്കുറി 12 സീറ്റ് പോരെന്നും 13 സീറ്റുകൾ വേണമെന്ന നിലപാടിൽ ജോസ് കെ മാണി ഉറച്ചുനിൽക്കുന്നതാണ് എൽ ഡി എഫിലെ സീറ്റ് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. കുറ്റ്യാടി സീറ്റിലാണ് ജോസ് കെ മാണി പ്രധാനമായും കണ്ണുവയ്ക്കുന്നത്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും അത് വിട്ടുനൽകാനാവില്ലെന്നുമുള്ള നിലപാടിലാണ് സി പി എം. ഇക്കാര്യം ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണിയെ സി പി എം അറിയിക്കുകയും ചെയ്തു. എന്നാൽ പതിമൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കുറ്റ്യാടി ലഭ്യമല്ലെങ്കിൽ പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ട് വെക്കുന്നത്. ഇതോടെ ഇന്ന് നടന്ന ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഒരു പാർട്ടിക്കും നൽകാനാകില്ലെന്നതാണ് സി പി എം നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി പൊലീസ് വലയത്തിലായിരുന്നു, ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രം'; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ പ്രതിഭാഗം കോടതിയില്‍
യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; വയോധികന് ദാരുണാന്ത്യം