
തിരുവനന്തപുരം: കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ്. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കാനം രാജേന്ദ്രന്റെ വാക്കുകൾ...
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളിൽ പ്രമുഖയായിരുന്നു കെ ആർ ഗൗരിയമ്മ. നമ്മുടെ കേരള രാഷ്ട്രീയത്തിൽ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കൾ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കൾ ചുരുക്കമാണ്. കേരളത്തിലെ കാർഷിക പരിഷ്കരണമുൾപ്പടെ നിരവധി പുരോഗമനപരമായ നിയമനിർമ്മാണങ്ങൾ ഉണ്ടാക്കുന്നതിൽ ഗൗരിയമ്മയുടെ കയ്യൊപ്പുണ്ട് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ഗൗരിയമ്മയോടൊപ്പം അൽപകാലം നിയമസഭയിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അഴിമതിനിരോധന നിയമം ഉൾപ്പടെയുള്ളവയുടം പണിപ്പുരയിൽ അവരോടൊപ്പം നിയമസഭാ പ്രവർത്തനങ്ങളിൽ സഹകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം സമൂഹത്തിന്റെ മാറ്റം മുന്നിൽക്കണ്ട് നിയമനിർമാണം നടത്തണം എന്ന് പറഞ്ഞിട്ടുള്ള നേതാവാണ് ഗൗരിയമ്മ എന്ന് കാണാൻ കഴിയും. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ് എന്ന് കാണാൻ സാധിക്കും. പാർട്ടി വിട്ടപ്പോഴും തുടർന്ന് സാമൂഹിക പ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവുമായി മുമ്പോട്ട് പോയ സന്ദർഭങ്ങളിലുമെല്ലാം അവരുമായുള്ള വ്യക്തിബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെ നമുക്ക് നഷ്ടപ്പെട്ടു. ഗൗരിയമ്മയുടെ വേർപാടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദുഖവും അനുശേചനവും രേഖപ്പെടുത്തുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആർ ഗൗരിയമ്മയുടെ അന്ത്യം. കഴിഞ്ഞമാസം 22നായിരുന്നു അണുബാധയെത്തുടർന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam