ആദ്യം ഞെട്ടി പിന്നെ പൊട്ടിക്കരഞ്ഞു, ഒടുവിൽ ഉള്ളുനീറി പടിയിറങ്ങി; കെആര്‍ ഗൗരിയമ്മയുടെ തെരഞ്ഞെടുപ്പ് ജീവിതം

By Web TeamFirst Published May 11, 2021, 7:43 AM IST
Highlights

വക്കീൽപണിയും സാമാന്യം നല്ല വരുമാനവുമൊക്കെയായി ചേര്‍ത്തലയിൽ കഴിഞ്ഞുകൂടിയിരുന്ന കാലത്താണ് തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഗൗരിയമ്മയോട് പി കൃഷ്ണപ്പിള്ള ആവശ്യപ്പെടുന്നത്. വര്‍ഷം 1948. ആദ്യം കേട്ടപ്പോൾ ഞെട്ടലും അതിന് ശേഷം പൊട്ടിക്കരച്ചിലുമായിരുന്നു അന്നത്തെ പ്രതികരണമെന്ന് പിന്നീട് പലതവണ പറഞ്ഞിട്ടുണ്ട് ഗൗരിയമ്മ.

തിരുവനന്തപുരം: കേരളമുണ്ടാകും മുമ്പേ തെരഞ്ഞെടുപ്പ് കളത്തിൽ കെ ആര്‍ ഗൗരിയമ്മയുണ്ട്. കൃത്യമായി പറഞ്ഞാൽ സ്വാതന്ത്യം കിട്ടിയ ശേഷം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവിതാംകൂറിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തോളം. വക്കീൽപണിയും സാമാന്യം നല്ല വരുമാനവുമൊക്കെയായി ചേര്‍ത്തലയിൽ കഴിഞ്ഞുകൂടിയിരുന്ന കാലത്താണ് തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഗൗരിയമ്മയോട് പി കൃഷ്ണപ്പിള്ള ആവശ്യപ്പെടുന്നത്. വര്‍ഷം 1948, ആദ്യം കേട്ടപ്പോൾ ഞെട്ടലും അതിന് ശേഷം പൊട്ടിക്കരച്ചിലുമായിരുന്നു അന്നത്തെ പ്രതികരണമെന്ന് പിന്നീട് പലതവണ പറഞ്ഞിട്ടുണ്ട് ഗൗരിയമ്മ.

വയലാര്‍ സ്റ്റാലിൻ എന്ന് വിളിപ്പേരുള്ള കുമാരപ്പണിക്കര്‍ക്ക് പകരം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു പി കൃഷ്ണപ്പിള്ളയുടെ ആവശ്യം. പറയുന്നത് കൃഷ്ണപ്പിള്ളയായതുകൊണ്ട് തള്ളാൻ വയ്യ. അന്ന് കിട്ടിയിരുന്ന അത്യാവശ്യ വരുമാനവും മകൾ വലിയ വക്കീലായി പേരെടുക്കണമെന്ന അച്ഛന്‍റെ ആഗ്രഹവുമൊക്കെ ഓര്‍ക്കുമ്പോള്‍ കൊള്ളാനും വയ്യാത്ത അവസ്ഥയിലായി ഗൗരിയമ്മ.

ഒടുക്കം കുമാരപ്പണിക്കരുടെ പേരിലുള്ള കേസ് തീരും വരെ തൽക്കാലം ഡമ്മി സ്ഥാനാര്‍ത്ഥിയാകണമെന്ന പി കൃഷ്ണപ്പിള്ളയുടെ നിര്‍ബന്ധത്തിന് വഴങ്ങി പത്രിക നൽകി. പേടിച്ച പോലൊക്കെ നടന്നു, കുമാരപ്പണിക്കര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. സ്വാഭാവികമായും കളത്തിലിറങ്ങാൻ നിര്‍ബന്ധിതയായി കെ ആര്‍ ഗൗരിയമ്മ.  ഫലം വന്നപ്പോൾ തോറ്റെങ്കിലും പ്രതീക്ഷ നൽകുന്നതായിരുന്നു തെരഞ്ഞെടുപ്പെന്ന് പറയാൻ കാരണം കെട്ടിവച്ച കാശ് മുതലാക്കിയ നാല് പേരിൽ ഒരാളായി നാട്ടുകാര്‍ അംഗീകരിച്ചപ്പോഴാണ്.  

സ്റ്റേറ്റ് കോൺഗ്രസിന് വേണ്ടി അന്ന് മത്സരിച്ച് ജയിച്ച കൃഷ്ണൻ അയ്യപ്പനേക്കാൾ ജനപ്രീതി ഉണ്ടെന്ന് തിരിച്ചറിഞ്ഞ കെ ആര്‍ ഗൗരിയമ്മ പിന്നെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിൽ മടിച്ച് നിന്നിട്ടില്ല. 1952 ൽ  തിരുക്കൊച്ചി നിയമസഭയിലേക്കുള്ള കന്നിജയം തൊട്ടിങ്ങോട്ട് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായും സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രിയായും എല്ലാം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന തീപ്പൊരി നേതാവായി.

കേരം തിങ്ങും കേരള നാട് കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന് കേരള രാഷ്ട്രീയം പാടി നടക്കുന്ന കാലം വരെ ഉണ്ടായി.   2011 വരെ പതിറ്റാണ്ടുകൾ നീണ്ട യാത്രക്കിടെ ജയപരാജയങ്ങൾ മാറിമാറി വന്നു.  രണ്ട് തവണ ചേര്‍ത്തലയിൽ നിന്നും എട്ട് തവണ അരൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാതിൽ കൊട്ടിയടച്ചപ്പോൾ പോലും ഉൾക്കരുത്തുകൊണ്ട് അതിജീവിച്ചു ഗൗരിയമ്മ.

അനാരോഗ്യം പോലും വകവയ്ക്കാതെ പലതവണ എകെജി സെന്റര് കയറി ഇറങ്ങിയ 2011 ലെ തെരഞ്ഞെടുപ്പ് കാലത്ത്  ജെഎസ്എസിന് സീറ്റ്  നിഷേധിച്ച ഇടത് മുന്നണി തീരുമാനം പക്ഷെ കെആര്‍ ഗൗരിയമ്മയെ അടിമുടി ഉലച്ചുകളഞ്ഞിരുന്നു എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ആദ്യ ദിവസങ്ങളിൽ സന്ദര്‍ശകരെ ഗൗരിയമ്മ പൂര്‍ണ്ണമായും ഒഴിവാക്കി. ഉള്ളുലച്ചിൽ പുറത്തറിയാതിരിക്കാൻ ഫോണിൽ പോലും പ്രതികരിക്കാൻ തയ്യാറാകാതെ വീട്ടിലിരുന്നു. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ പോലും ഇത്ര ദുഖം തോന്നിയിരുന്നില്ലെന്നായിരുന്നു ജെഎസ്എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ബി ഗോപനോട് അന്ന് ഗൗരിയമ്മ പറഞ്ഞതത്രെ.


 

click me!