'ഗണേഷ് കുമ്പിടി രാജാവ്', പത്തനാപുരത്ത് ഗണേഷിനെതിരെ സിപിഐ, പാളയത്തിൽ പട

By Web TeamFirst Published Jan 25, 2021, 5:29 PM IST
Highlights

''കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം. ആ വർത്തമാനം പറച്ചിൽ കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം'', എന്ന് പ്രാദേശിക പ്രചാരണയോഗത്തിൽ സിപിഐ നേതാവ്. 

കൊല്ലം: അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും ഉളള പരസ്യ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. എന്നാല്‍ വിവാദങ്ങളോട് ഗണേഷ് പ്രതികരിച്ചിട്ടില്ല.

എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്‍യുക്കാരെ എംഎല്‍എയുടെ പിഎയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിനു മുമ്പേ പത്തനാപുരത്തെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. തുടര്‍ന്ന് ഗണേഷിനെതിരായ യുഡിഎഫ് പ്രതിഷേധം കൊല്ലത്ത് വ്യാപക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. എതിര്‍ ചേരിയില്‍ നിന്ന് രാഷ്ട്രീയ ആക്രമണം നേരിടുന്നതിനിടെയാണ് സ്വന്തം പാളയത്തിലെ പടയെയും ഗണേഷിന് നേരിടേണ്ടി വരുന്നത്.

''കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ച ഈ പാവപ്പെട്ട മലയോരനാട്ടിൽ പ്രാവ‍ർത്തികമാക്കാൻ തുടങ്ങിയാൽ എങ്ങനെയാകും എന്നത് നമുക്ക് സങ്കൽപിക്കാൻ കഴിയുന്ന കാര്യമാണോ? കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം, എവിടെയും പ്രത്യക്ഷപ്പെടാം. ആ സ്വപ്നങ്ങളും കാഴ്ചകളും കണ്ട് മൈക്കിന് മുന്നിൽ നിന്ന് വർത്തമാനം പറയാം. ആ വർത്തമാനം പറച്ചിൽ കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഷോപ്പിംഗ് മാൾ വന്നു, നമ്മളെല്ലാവരും സന്തോഷിച്ചു. നമ്മുടെ നാട്ടിലെ പാവപ്പെട്ട കച്ചവക്കാർക്ക് കച്ചവടം ചെയ്യാൻ ഒരു സ്ഥലമായല്ലോ എന്ന് കരുതി. ഇപ്പോഴെന്താണ് സ്ഥിതി? ഈ നാട്ടിലെ സാധാരണ ഒരു കച്ചവടക്കാരന് ഈ ഷോപ്പിംഗ് മാളിൽ കച്ചവടം തുടങ്ങാൻ കഴിയുമോ?'', എന്ന് പത്തനാപുരത്ത് നടന്ന പ്രചാരണയോഗത്തിൽ സിപിഐ നേതാവ് വേണുഗോപാൽ ചോദിക്കുന്നു.

സിപിഐ പ്രാദേശിക നേതൃത്വവും കെ.ബി.ഗണേഷ്കുമാറും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ് തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കേ  പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മറ്റ് മണ്ഡലങ്ങളിലേതിനു സമാനമായ വികസനം പത്തനാപുരത്ത് കൊണ്ടുവരാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ലെന്നും  പട്ടയ പ്രശ്നത്തില്‍ പോലും ഗണേഷിന്‍റെ ഇടപെടലുണ്ടായില്ലെന്നും സിപിഐ നേതാക്കള്‍ തുറന്നു പറഞ്ഞു. സ്വന്തം മുന്നണിയില്‍ തന്നെ ഉയര്‍ന്ന ഈ വിമര്‍ശനങ്ങള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കളത്തില്‍ ഗണേഷിന് മറുപടി പറയേണ്ടി വരുമെന്നുറപ്പ്.

സിറ്റിങ് സീറ്റായിരുന്ന പത്തനാപുരം ഗണേഷ് ഇടതുമുന്നണിയില്‍ എത്തിയതോടെ വിട്ടുകൊടുക്കേണ്ടി വന്നതും സിപിഐ നേതാക്കളുടെ പ്രതിഷേധത്തിന്‍റെ ഒരു കാരണമാണ്. സിപിഎമ്മാകട്ടെ പ്രശ്നത്തില്‍ ഇനിയും ഇടപെട്ടിട്ടുമില്ല.

click me!