
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ റവന്യൂ മന്ത്രി കെ. രാജൻ. മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീ എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യു.ഡി.എഫും ശ്രമിക്കുന്നതെന്നും, ഇത് നിർബന്ധപൂർവ്വം നടപ്പാക്കാൻ തീരുമാനിച്ചാൽ വലിയ ജനകീയ പ്രക്ഷോഭങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും യു.ഡി.എഫിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തേക്കാൾ എന്ത് അത്യാവശ്യമാണ് പി എം ശ്രീ ഇപ്പോൾ നടപ്പാക്കാൻ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മെയ് അഞ്ചിന് കേന്ദ്രം അയച്ച കത്ത് പോലും ഒരു അപേക്ഷയുടെ സ്വഭാവത്തിലുള്ളതാണ്. പി എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ എസ്.എസ്.കെ ഫണ്ട് തരില്ലെന്ന് കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിമാരോ ഉദ്യോഗസ്ഥരോ കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത് വാശിയോടെ നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ സമ്മർദ്ദം എന്താണെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയ സമ്മർദ്ദമാണോ അതോ കേന്ദ്ര സർക്കാറിനോടുള്ള വിധേയത്വമാണോ എന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയണം. പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് രേഖാമൂലം മറുപടി ലഭിച്ചിട്ടുള്ളതാണ്. ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ എല്ലാ മതനിരപേക്ഷ മനസ്സുകളും പദ്ധതി നടപ്പാക്കരുതെന്ന് ഒരുപോലെ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെങ്കിൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയ്പ്പമംഗലത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ജനവികാരത്തിനെതിരായാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നത്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് അവർ സ്വീകരിക്കുന്നത്. ടോൾ പിരിക്കുക മാത്രമാണ് അവരുടെ പ്രധാന ലക്ഷ്യം. കരാർ കമ്പനിയെ മാത്രമാണ് അവർ വിശ്വസിക്കുന്നത്, ജനങ്ങളെ അവർക്ക് വിശ്വാസമില്ല. ഈ നിലപാട് തുടർന്നാൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് മുന്നണിയിലുണ്ടായ തർക്കം ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ തന്നെ ഈ വിഷയം പരിഹരിക്കാൻ കഴിയുമെന്ന് ഇരു പാർട്ടികളുടെയും ദേശീയ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. രാജൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam