
തൃശ്ശൂര്‍: തൃശൂര്‍ ജില്ലാ ആശുപത്രിയിലെ എസ് എഫ് ഐ (SFI)-എ ഐ എസ് എഫ് (AISF) സംഘർഷത്തിൽ പ്രതിഷേധമറിയിച്ച് മുൻ മന്ത്രി വി എസ് സുനിൽ കുമാർ (V S Sunil Kumar). ഒല്ലൂർ വൈലോപ്പിള്ളി സർക്കാർ കോളേജിലെ എ ഐ എസ് എഫിന്‍റെ പഠിപ്പ് മുടക്കി സമരത്തിനിടയിലേക്ക് എസ് എഫ് ഐ അനാവശ്യമായ ആക്രമണമാണ് നടത്തിയതെന്ന് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയത് ഗുണ്ടാ ആക്രമണമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു (SFI AISF Clash).
തൃശൂരിലെ എസ് എഫ് ഐ - എ ഐ എസ് എഫ് സംഘർഷത്തിൽ സിപിഐ നേതാക്കൾ പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തൃശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെ സംഘർഷമൊഴിവാക്കാൻ ലാത്തി വീശിയ പൊലീസ് എ ഐ എസ് എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തത് ശരിയായ നടപടിയല്ലെന്ന് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തി. തൃശൂർ എം എൽ എ പി.ബാലചന്ദ്രന്‍റെ നേതൃത്വത്തിൽ സി പി ഐ നേതാക്കൾ ആശുപത്രിയിലും സ്‌റ്റേഷനിലും നേരിട്ടെത്തി പ്രതിഷേധിച്ചു. പി ബാലചന്ദ്രൻ എം എൽ എയുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത എ ഐ എസ് എഫ് പ്രവർത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെയാണ് നേതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. തൃശൂരിലെ സംഘർഷത്തിൽ പൊലീസ് ഏകപക്ഷീയമായി നിലപാടെടുത്തെന്ന ആരോപണവുമായി എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുണും രംഗത്തെത്തി.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി
ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ (Govt Arts and Science College Ollur) എസ് എഫ് ഐ - എ ഐ എസ് എഫ് പ്രവർത്തകർ തമ്മിൽ രാവിലെ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എ ഐ എസ് എഫ് പ്രവര്‍ത്തകരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എ ഐ എസ് എഫ് - എ ഐ വൈ എഫ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. ഇത് പിന്നീട് കയ്യാങ്കളിയിലെത്തുകയും സംഘർഷമായി മാറുകയുമായിരുന്നു. പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് ലാത്തി വീശിയതോടെ അഞ്ച് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മന്ത്രി കെ രാജന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളവരും ഇതില്‍പ്പെടും. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റിയത്. ഇരൂകൂട്ടരും തമ്മിലുളള സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് എ ഐ എസ് എഫ് പ്രവര്‍ത്തകരെ മാത്രമായിരുന്നു. ഇതാണ് സിപിഐ പ്രതിഷേധത്തിന് കാരണമായത്.