'ലാത്തിച്ചാര്‍ജി'ല്‍ നടപടി വേണ്ടെന്ന റിപ്പോര്‍ട്ട്; ഡിജിപിയെ തള്ളി സിപിഐ നേതാക്കള്‍

By Web TeamFirst Published Aug 17, 2019, 2:27 PM IST
Highlights

ഡിജിപിയല്ല കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി രാജു പറഞ്ഞു.
 

കൊച്ചി: എറണാകുളം ഐജി ഓഫീസിലേക്കുള്ള  സിപിഐ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു രംഗത്തെത്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് തെറ്റാണ്.  മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും പി രാജു പ്രതികരിച്ചു.

 ഒരു കേസിലും പൊലീസിനെ കുറ്റപ്പെടുത്തി ഡിജിപി ആദ്യറിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസടക്കം ഇതിന് ഉദാഹരണമാണ്. ഡിജിപിയല്ല കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി  ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി രാജു പറഞ്ഞു.

പൊലീസിനെ സംരക്ഷിക്കുന്ന നിലപാട് മാത്രമേ ഡിജിപിയുടെ ഭാഗത്തുനിന്നുണ്ടാവൂ എന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും പ്രതികരിച്ചു. റിപ്പോര്‍ട്ടിന്‍റെ ഉളളടക്കം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ  ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ഡിജിപി അറിയിച്ചത്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 


 

click me!