
ആലപ്പുഴ: നൂറനാട്ടെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം (congress office attack) ന്യായീകരിച്ച് സിപിഐ പ്രാദേശിക നേതൃത്വം. കൊടിമരം പിഴുത് മാറ്റിയതിലുള്ള സ്വാഭാവിക പ്രതികരണമെന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനു ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഐ പഞ്ചയത്ത് സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പാർട്ടി തീരുമാനപ്രകാരമാണ് കൊടിമരം സ്ഥാപിച്ചത്. പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഇതിൽ പങ്കെടുത്തിട്ടുണ്ട്. പതാക സ്ഥാപിച്ചത് കോൺഗ്രസ് ഓഫീസിന് മുന്നിലല്ല, 50 മീറ്റർ മാറിയാണ്. ഇതുകൊണ്ട് കോൺഗ്രസിന് എന്ത് പ്രശ്നമാണുള്ളത്. കൊടിമരം മാറ്റാൻ ആര്‍ഡിഒ ഉത്തരവിട്ടെന്നത് പച്ചക്കള്ളമാണ്. കോൺഗ്രസിൻ്റെ ഓഫീസ് ഇരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണ്. ഇതിനെതിരെ റവന്യൂ വകുപ്പിൽ പരാതി നിലനിൽക്കുന്നുണ്ടെന്നും സിനു ഖാന്‍ പറഞ്ഞു.
അതേസമയം കോൺഗ്രസ് ഓഫീസ് ആക്രമണത്തില്‍ രണ്ട് സിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലും എടുത്തു. നൂറനാട് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഷാ പാറയിൽ, ശൂരനാട് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷമീം ഷാജി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കൊടി പിഴുത് മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമായി. ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് പ്രദേശത്തെ നാല് പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താൽ നടത്തി. പിന്നാലെ ഇന്നലെ രാവിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെത്തി പൊലീസ് നോക്കിനിൽക്കെ ചില സിപിഐ പ്രവർത്തകർ വെല്ലുവിളി നടത്തി. പൊലീസ് സ്ഥലത്തുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായി. തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ബലമായി പൂട്ടിച്ചു. ജീവനക്കാരെ ഓഫീസിന് പുറത്താക്കിയ ശേഷമായിരുന്നു ഓഫീസ് പൂട്ടിക്കൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam