കൊവിഡ്: സമരങ്ങള്‍ക്ക് നിയന്ത്രണം തീരുമാനിച്ച് സിപിഐ; എല്‍ഡിഎഫ് തലത്തിലും പ്രതിഷേധങ്ങള്‍ നിര്‍ത്തിയേക്കും

By Web TeamFirst Published Jun 22, 2020, 8:52 PM IST
Highlights

സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ എത്തേണ്ടതില്ലെന്ന് സിപിഐ നിർദ്ദേശം നല്‍കിയിട്ടുണ്ട്.  ആവശ്യങ്ങൾ ഇമെയിലായി അറിയിക്കാം
 

തിരുവന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമരങ്ങള്‍ക്ക് നിയന്ത്രണവുമായി സിപിഐ. പൊതു ഇടങ്ങളില്‍ സമരങ്ങള്‍ വേണ്ടെന്നാണ് സിപിഐയുടെ നിര്‍ദ്ദേശം. എല്‍ഡിഎഫ് തലത്തിലും പൊതുപ്രതിഷേധങ്ങള്‍ നിര്‍ത്താന്‍ ആലോചനയുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുമതി നേതൃത്വം തേടി. 

കൊവിഡ് കാലത്ത് ഇന്ധന വിലവർദ്ധനവ് ഉയർത്തി നടന്ന പ്രാദേശിക സിപിഐ പ്രതിഷേധങ്ങൾ, കുഞ്ഞനന്തന്‍റെ പൊതുദർശനത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾ തുടങ്ങി കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളിൽ ഭരണകക്ഷികളുടെ മേൽ ആക്ഷേപമുയർന്നതോടയാണ് നിയന്ത്രണത്തിലേക്ക് കടക്കുന്നത്. കൊവിഡ് കാലത്ത് സമരങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. അത്യാവശ്യഘട്ടങ്ങളിലെ സമരങ്ങൾക്ക് പ്രാദേശിക ഘടകങ്ങളും ബഹുജന സംഘടനകളും ജില്ലാ നേതൃത്വത്തിന്‍റെ അനുമതി വാങ്ങണം.

സാമൂഹ്യ അകലം ഉറപ്പാക്കണം. വിദ്യാർത്ഥി യുവജന പരിപാടികളിൽ പാർട്ടി നേതാക്കൾ വിട്ടുനിൽക്കണം. പാർട്ടി ഓഫീസുകളിൽ പ്രവർത്തകരുടെ തിരക്ക് ഒഴിവാക്കാൻ ആവശ്യങ്ങൾ ഇമെയിലിലൂടെ അറിയിക്കണം എന്നിങ്ങനെ നീളുന്നു കാനം രാജേന്ദ്രന്‍റെ നിർദ്ദേങ്ങൾ. എൽ‍ഡിഎഫ് തലത്തിലും പൊതുപരിപാടികൾ പരമാവധി ഒഴിവാക്കും. മുഖ്യമന്ത്രിയുടെ അനുമതി  തേടിയ ശേഷം പൊതു നിർദ്ദേശം മുന്നണിതലത്തിൽ പുറത്തിറക്കും.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തു. തലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും സമരങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. സാമൂഹ്യ അകലം പാലിക്കാതെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തന്നെ സമരങ്ങൾക്ക് നേതൃത്വം നൽകി. തലസ്ഥാനത്തെ സ്ഥിതി മോശമാക്കാനുള്ള ബോധപൂർവ്വമായ ശ്രമം തന്നെ നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് സമരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള തീരുമാനമെടുത്തത്.

ഇന്ന് സമരം നടത്തിയ ലീഗ് എംഎൽഎമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രവാസി പ്രശ്‍നത്തില്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൻറെ പേരിലാണ് ലീഗ് എംഎൽഎമാർക്കെതിരെ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. 
 

click me!