എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനം: മന്ത്രിസഭ യോഗത്തില്‍ പ്രതിഷേധവുമായി സിപിഐ മന്ത്രിമാര്‍

By Web TeamFirst Published Jul 24, 2019, 8:32 PM IST
Highlights

സിപിഐ എംഎല്‍എയെ തല്ലിയത് സിആര്‍പിഎഫോ ആംഡ് പൊലീസോ അല്ലെന്നും കേരള പൊലീസാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ സിപിഐ മന്ത്രിമാരുടെ പ്രതിഷേധം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനേയും സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനേയും പൊലീസ് മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ യോഗത്തിനിടെ സിപിഐ മന്ത്രിമാര്‍ പ്രതിഷേധിച്ചത്. 

എംഎല്‍എയെ തല്ലിയത് സിആര്‍പിഎഫോ ആംഡ് പൊലീസോ അല്ലെന്നും ലോക്കല്‍ പൊലീസിന് ഒരു എംഎല്‍എയെ അറിഞ്ഞൂ കൂടെയെന്നും സിപിഐ കക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മന്ത്രിസഭായോഗത്തിനിടെ ചോദിച്ചു. പൊലീസിനെതിരെ സമരത്തിനിറങ്ങാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഭരണകക്ഷിക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയാല്‍ എങ്ങനെ ഉണ്ടാവുമെന്ന് മന്ത്രി എകെ ബാലന്‍ ചോദിച്ചു. 

മന്ത്രിമാര്‍ തമ്മിലുള്ള സംസാരം പരിധി വിട്ട് തുടര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ടു. ലാത്തിചാര്‍ജിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്ന ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് മന്ത്രിസഭാ യോഗത്തിനിടെയുള്ള സിപിഐ പ്രതിഷേധനം അവസാനിച്ചത്. 

click me!