
തിരുവനന്തപുരം: പാര്‍ട്ടി എംഎല്‍എ യെയും നേതാക്കളെയും തല്ലിയ പോലീസിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ മന്ത്രിമാരും രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കൂടുതല്‍ പ്രതിരോധത്തിലായി. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇതിനിടെ ഇക്കാര്യത്തില്‍ മൃദു നിലപാട് സ്വീകരിക്കുന്നകാനം രാജേന്ദ്രനെതിരെ സിപിഐ ക്കകത്ത് പ്രതിഷേധം ശക്തമാകുകയാണ്.
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കടുത്ത അതൃപ്തിയറിയിച്ച മന്ത്രി ഇ ചന്ദ്രശേഖരനാണ് മന്ത്രിസഭായോഗത്തിലും വിഷയമെടുത്തിട്ടത്. എംഎല്‍എ യെപോലും അറിയാത്തവരാണോ ഇവിടുത്തെ പോലീസെന്ന് ചന്ദ്രശേഖരന്‍ ചോദിച്ചു. ഭരണകക്ഷി തന്നെ സമരത്തിനിറങ്ങിയാല്‍ ഇങ്ങനെയൊക്കെയുണ്ടാകുമെന്ന് അല്പം പരിഹാസ സ്വരത്തില്‍ എകെ ബാലന്‍ പറഞഞത് സിപിഐ മന്ത്രിമാരെ ക്ഷുഭിതരാക്കി.
സമരവും മര്‍ദ്ദനവുമൊക്കെ ഏറെ കണ്ടവരാണ് തങ്ങളെന്നും വേണ്ടി വന്നാല്‍ ഇനിയും സമരം നടത്തുമെന്നും വിഎസ് സുനില്‍കുമാര്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശന്തമാക്കിയത്. കളക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നലകി.
അതേസമയം, മന്ത്രിസഭ യോഗത്തിൽ പൊലീസിനെ ന്യായീകരിച്ചെന്ന റിപ്പോർട്ടുകൾ മന്ത്രി എ.കെ.ബാലൻ നിഷേധിച്ചു. എംഎൽഎയെ മർദ്ദിച്ച സംഭവം ചർച്ചയായില്ല. സർക്കാരിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എ.കെ.ബാലൻ ആരോപിച്ചു.
ഇതിനിടെ കാനം രാജേന്ദ്രനെതിരെ അതിശക്തമായ നിലപാടുമായി ഒരു വിഭാഗം സിപിഐ നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്.വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത എഐവൈഎഫ് വനിതാനേതാക്കളെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇറക്കി കൊണ്ട് വന്ന വെളിയം ഭാര്‍ഗവന്‍റെ കാര്യം ഓര്‍മിപ്പിച്ചാണ് ഇവര്‍ കാനത്തെ ചോദ്യം ചെയ്യുന്നത്.
ചുരുക്കത്തില്‍ എല്‍ഡിഎഫിലെ ഏറ്റവും പ്രധാന വിഷയമെന്നതിനൊപ്പം സിപിഐയുടെ ആഭ്യന്തര വിഭാഗീയതയിലേക്കും കൂടി ഈ പോലീസ് മര്‍ദ്ദനം വിഷയമാകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam