
ദില്ലി: സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറൽ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പ്രായപരിധി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡി രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന സൂചനയാണ് പ്രായപരിധി വ്യക്തികള്‍ക്കുവേണ്ടി മാറ്റാനാകില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.
വിശ്വാസികളെ എതിര്‍ക്കുന്ന നിലപാട് സിപിഐക്കില്ലെന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രതികരിച്ചു. അതിനാൽ തന്നെ ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നില്ല. എന്നാൽ, അയ്യപ്പനെ വിശ്വാസത്തിന്‍റെ രാഷ്ട്രീയ മത്സരത്തിന്‍റെ കരുവാക്കാൻ സിപിഐക്ക് താത്‌പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രായപരിധി ജനറൽ സെക്രട്ടറിക്കും ബാധകമാണെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബുവും പ്രതികരിച്ചു. പാർട്ടി ഭരണഘടന പ്രകാരമുള്ള തീരുമാനമാണിതെന്നും എല്ലാവർക്കും ബാധകമാണെന്നും ഒരാൾക്ക് മാത്രം ഇളവില്ലെന്നും പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കേരളത്തിലെ സർക്കാരിനെ പറ്റി പരാമർശം ഉണ്ടായാൽ ചർച്ച ഉണ്ടാകും. പ്രത്യേകം വിലയിരുത്തൽ ഇല്ല. അയ്യപ്പ സംഗമം നടത്തുന്നത് ദേവസ്വം ബോർഡാണ്. കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കുമോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും. ഇക്കാര്യത്തിൽ പ്രവചിക്കാൻ ഇല്ലെന്നും പ്രകാശ് ബാബു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.