വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രമേയം പാസാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ മാത്രമേ മണ്ഡലത്തിൽ യു.ഡി.എഫിന് വിജയസാധ്യതയുള്ളൂ എന്ന് യൂത്ത് കോൺഗ്രസും നിലപാടെടുത്തു.  

കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. പേരാമ്പ്ര നിയോജകമണ്ഡലം കോർ കമ്മിറ്റി സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ മത്സരിക്കുന്നതിനാലാണ് പേരാമ്പ്രയിൽ മുന്നണിക്ക് തുടർച്ചയായി പരാജയം സംഭവിക്കുന്നതെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

വിജയസാധ്യത കോൺഗ്രസിനെന്ന് യൂത്ത് കോൺഗ്രസ്

മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ മാത്രമേ യു.ഡി.എഫിന് വിജയസാധ്യതയുള്ളൂവെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസും. മണ്ഡലത്തിൽ മുസ്ലിം ലീഗിനേക്കാൾ കൂടുതൽ സ്വാധീനവും സംഘടനാ സംവിധാനവുമുള്ളത് കോൺഗ്രസിനാണെന്ന് ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി പറഞ്ഞു. ഘടക കക്ഷികള്‍ മത്സരിക്കുന്നതിനാലാണ് പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥിരമായി പരാജയപ്പെടുന്നത്. ഇത്തവണ പേരാമ്പ്ര ചക്കിട്ടപാറ അടക്കം പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ വലിയ മുന്നേറ്റമുണ്ടായി. അത് തുടരും. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി പേരാമ്പ്രയെ മാറ്റാൻ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയാണ് ഏക പോംവഴിയെന്നും സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സായൂജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സീറ്റ് വച്ചുമാറലിൽ കടുത്ത പ്രതിഷേധം

മുന്നണി മര്യാദയുടെ പേരിൽ ഓരോ തവണയും സീറ്റ് വിട്ടുനൽകുന്നത് പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് പ്രവർത്തകരുടെ പരാതി. ഇക്കാര്യത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെടണമെന്നും ലീഗുമായി ചർച്ച നടത്തി പേരാമ്പ്ര സീറ്റ് കോൺഗ്രസിന് ഉറപ്പാക്കണമെന്നുമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും മുന്നോട്ട് വെക്കുന്ന ആവശ്യം.

YouTube video player