
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നാളത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർപ്പ് ഉന്നയിക്കും. ചർച്ച കൂടാതെ തീരുമാനം എടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്. അതേസമയം എതിർത്താലും മുന്നോട്ട് പോകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫണ്ട് പ്രധാനമെന്ന നിലപാടിലാണ് സിപിഎം. തമിഴ്നാട് മോഡൽ നിയമ പോരാട്ടം നടത്താത്തത് എന്താണെന്നാണ് സിപിഐയുടെ ചോദ്യം. പിഎം ശ്രീയിൽ ചേരാതെ തമിഴ്നാട് എസ്എസ്ഐ ഫണ്ട് നേടിയെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു.
മുന്നണിയിൽ ചര്‍ച്ച ചെയ്യാതെ, മന്ത്രിസഭായോഗം തീരുമാനിക്കാതെ പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ ഇടതു മുന്നണിയിൽ അതൃപ്തി. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോൾ പിഎം ശ്രീയിൽ നിന്ന് മാത്രമായി മാറി നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ന്യായം. വിവാദമായ ദേശീയ വിദ്യാഭ്യാസ നയം അഥവാ എൻഇപി നടപ്പാക്കേണ്ടിവരുമെന്ന രാഷ്ട്രീയ ആശങ്ക അസ്ഥാനത്താണെന്ന മന്ത്രിയുടെ വാദം തള്ളി സിപിഐ മുഖ പത്രം ജനയുഗം ഇന്നലെ ലേഖനം പ്രസിദ്ധീകരിച്ചു. കരിക്കുലം പാഠ്യപദ്ധതി മുതൽ സ്കൂൾ നടത്തിപ്പും നിയന്ത്രണവും അടക്കം നിര്‍ണ്ണായകമായ ഇടപാടുകൾ കേന്ദ്ര നയത്തിന്‍റെ ഭാഗമായി നടപ്പാക്കേണ്ടിവരുമെന്നാണ് സിപിഐ അധ്യാപക സംഘടനാ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.
ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം പിഎം ശ്രീ പദ്ധതി പ്രകാരം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാവുകയെന്ന് എഐഎസ്എഫ് വിമർശിച്ചു. കേന്ദ്രം നൽകുവാനുള്ള 1500 കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങൾക്ക് വഴങ്ങുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിയല്ലെന്നും പിഎം ശ്രീ പദ്ധതിയെ കേരളം തള്ളിക്കളയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam