തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ ചേർക്കുന്നതിനെ സ്വാഗതം ചെയ്ത് സിപിഐ. ബുധനാഴ്ച ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.
ജോസ് കെ മാണിയെ അതിവേഗം എൽഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിക്കണമെന്നുമുള്ള അഭിപ്രായം സിപിഐ നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന സിപിഐ എക്സിക്യൂട്ടീവിൽ ജോസ് വിഭാഗത്തിൻ്റെ വരവിനെ എതിർക്കേണ്ടെന്ന അഭിപ്രായമാണ് ഉയർന്നു വന്നത്.
ജോസ് വിഭാഗത്തിൻ്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. അടുത്ത എൽഡിഎഫ് യോഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമ്പോൾ എതിർക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ എൽഡിഎഫിൻ്റെ പൊതുനിലപാടിനൊപ്പം നിൽക്കാനും സിപിഐയിൽ ധാരണയായിട്ടുണ്ട്.
ഇടതുജനാധിപത്യമുന്നണിയിൽ രണ്ടാമത്തെ കക്ഷിയായ സിപിഐ കൂടി സ്വാഗതം ചെയ്യുന്നതോടെ ജോസ് കെ മാണി വിഭാഗത്തിൻ്റെ എൽഡിഎഫ് പ്രവേശനത്തിന് ഇനിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ മാത്രമേ ബാക്കിയുള്ളൂ. ജോസ് കെ മാണിയെ തദ്ദേശ തെരഞ്ഞെടുപ്പിനായി മുൻപേ തന്നെ മുന്നണിയിൽ എത്തിക്കണം എന്നാണ് സിപിഎം നിലപാട്. അതേസമയം മുന്നണി പ്രവേശനത്തിൻ്റെ ഭാഗമായി സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും എൻസിപി മത്സരിക്കുന്ന പാലായും ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീറ്റുകളെ ചൊല്ലി എൽഡിഎഫിൽ വരും മാസങ്ങളിൽ തർക്കമുണ്ടായേക്കാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam