ലാത്തിച്ചാര്‍ജ് വിവാദം; സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By Web TeamFirst Published Aug 19, 2019, 2:42 PM IST
Highlights

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്‍സാര്‍ അലിയ്ക്കെതിരെ കേസെടുത്തത്. ഇയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്. 

 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്‍സാര്‍ അലിയ്ക്കെതിരെ കേസെടുത്തത്. ഇയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച് മെന്റാണ് അറസ്റ്റു ചെയ്തത്. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എസ് ഐ വിപിന്‍ ദാസിനെ കഴിഞ്ഞ ദിവസം സസ്പെന്‍റ്  ചെയ്തിരുന്നു. 

 ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്. 

click me!