
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാർട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടത് മുന്നണിക്ക് നേട്ടമായി. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പറഞ്ഞാണ് എംവി ഗോവിന്ദൻ യോഗ ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത്. സർക്കാരിൻ്റെ ഔദ്യോഗിക പരിപാടി ആർഎസ്എസ് പരിപാടിയാക്കുകയാണ് ഗവർണർ. ആർഎസ്എസ് അടയാളങ്ങളിലേക്ക് സർക്കാർ പരിപാടികൾ തിരുകി കയറ്റുകയാണ്. ഭരണഘടനയ്ക്ക് അനുസൃതമായല്ലാതെ ഗവർണർമാർക്ക് പ്രവർത്തിക്കാനാകില്ല. സർക്കാർ പരിപാടികളിൽ പൊതുചിഹ്നം മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ഉയർന്നിട്ടും ഗവർണർ തിരുത്താൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി ചെയ്തത് മാതൃകാപരമായ നടപടിയാണ്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് രാജ്ഭവൻ. കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടന്നത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങൾ മണ്ഡലത്തിൽ തുറന്നുകാട്ടാൻ സിപിഎമ്മിനും എൽഡിഎഫിനും സാധിച്ചു. വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യുഡിഎഫ് ശ്രമിച്ചു. അവയെ ജനം തള്ളി. ഇടത് സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ വലിയ സ്വീകാര്യത ലഭിച്ചു. വലിയ വിജയം എം സ്വരാജിന് നേടാനാകും. ഫലം വന്നാൽ യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.