
ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പത്ത് വര്‍ഷം കൊണ്ട് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ കെട്ടിടംപൂര്‍ത്തിയാക്കിയപ്പോള്‍ ക്രെഡിറ്റിനെ ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ പോര്. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ കെ.സി.വേണുഗോപാല്‍ എംപിയെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നൊഴിവാക്കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്നാല്‍ പല മന്ത്രിമാരും എംഎല്‍എമാരും ഇതിനായി പ്രയത്നിച്ചിട്ടുണ്ടെന്നും എല്ലാവരെയും വിളിക്കുന്ന കാര്യം നടപ്പില്ലെന്നുമാണ് സിപിഎമ്മിന്‍റെ മറുപടി.
ആറ് നിലകളിലായി ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവ വേറെയും. പത്ത് വർഷം ജനം കാത്തിരുന്ന കെട്ടിടം നാളെ തുറന്നുകൊടുക്കുകയാണ്. ഈ സമയത്താണ് രാഷ്ട്രീയ നേതാക്കൾ വിഴുപ്പക്കലക്കുന്നത്.
പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ് 170 കോടി രൂപയായിരുന്നു. ഇതില്‍ 120 കോടിയും മന്മോഹന്‍ സിംഗ് സര്‍ക്കാരിനെ കൊണ്ട് അനുവദിപ്പിച്ചത് 2013 ല്‍ കേന്ദ്രമന്ത്രിയയിരുന്ന കെസി വേണുഗോപാലാണെന്ന് കോൺഗ്രസ് ഓർമിപ്പിക്കുന്നു. നിര്‍മാണം മുടങ്ങിയപ്പോഴൊക്ക യോഗങ്ങള്‍ വിളിച്ച് കൂടെ നിന്ന വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തഴഞ്ഞത് വൃത്തികെട്ട രാഷ്ട്രീയമെന്നാണ് കോണ്‍ഗ്രസിന‍്റെ വിമര്‍ശനം.
പദ്ധതിക്ക് വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുന്നത് 2010 ലാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. പികെ ശ്രീമതി മുതൽ ഇങ്ങോട്ട് ഒരു പാട് പേര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ടെന്ന് കാട്ടി കോണ്‍ഗ്രസിന്‍റെ അവകാശവാദം തള്ളുകയാണ് സിപിഎം. ഉദ്ഘാടന ചടങ്ങ് നടക്കുന്ന നാളെ മെഡിക്കൽ കോളേജിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ യോഗം നടത്താൻ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam