
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസിനെതിരെ സിപിഎം ജില്ലാ നേതൃത്വവും സൈബര്‍ സംഘങ്ങളും നടത്തുന്നത് സമാനതകളില്ലാത്ത വിമർശനം. കോഴിക്കോട്ടും കൊച്ചിയിലുമായി അടുത്തിടെ നടന്ന രണ്ട് കേസുകളുടെ പശ്ചാത്തലത്തിലാണ് സേനക്കെതിരായ പാർട്ടി നീക്കം. കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് പിന്തുണയുമായി എംവി ഗോവിന്ദൻ കൂടി രംഗത്തെത്തിയതോടെ പൊലീസ് വിമര്‍ശനം സംസ്ഥാന നേതൃത്വവും ശരി വയ്ക്കുകയാണ്
പിണറായിക്ക് കീഴിലെ പൊലീസിനെതിരെ പാർട്ടി വിമര്‍ശനം ഇതാദ്യമായിട്ടല്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന പാര്‍ട്ടി സമ്മേളനങ്ങളിലെല്ലാം ആഭ്യന്തര വകുപ്പും പൊലീസ് സേനയും വിമര്‍ശന മുനയിലായിരുന്നു. ഇപ്പോൾ തുടരുന്ന സിപിഐ ജില്ലാ സമ്മേളനങ്ങളിലും പൊലീസിനെതിരെയുള്ളത് കടുത്ത വിമര്‍ശനമാണ്.
സർക്കാരിൻ്റെ മുഖം മിനുക്കാൻ സിപിഎം നേതൃത്വം ഇടപെട്ട് ശ്രമം തുടങ്ങിയതിനെ പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അടക്കം പരസ്യമായി പൊലീസിനെതിരെ രംഗത്ത് വരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്ഐക്കാർക്കെതിരായ നടപടിയാണ് കോഴിക്കോട്ടെ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ പൊലീസിൻ്റെ മെല്ലെപ്പോക്കാണ് ആദ്യം വലിയ രീതിയിൽ വിമർശിക്കപ്പെട്ടത്. ഇടത് നയത്തിനെതിരാണ് പൊലീസ് പ്രവര്ത്തനമെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാനെ സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം.
കൊച്ചിയിൽ വസ്തുഇടപാടുമായി ബന്ധപ്പെട്ട് സൈബർ പോരാളി പികെ സുരേഷ് കുമാര്‍ പിടിയിലായതാണ് സൈബർ ഇടത്തെ പൊലീസ് വിമർശനത്തിൻ്റെ മറ്റൊരു കാരണം. തിരുവഞ്ചൂരിൻ്റെ പൊലീസായിരുന്നു ഭേദം എന്ന് വരെ എത്തിനിൽക്കുകയാണ് സൈബർ സഖാക്കളുടെ രോഷം.
പാർട്ടിക്കാർ ഉൾപ്പെട്ട കേസിൽ ഇടപെട്ടില്ലെങ്കിൽ പ്രതിപക്ഷ വിമർശനം, ഇടപെട്ടാൽ പാർട്ടി വിമർശനം എന്ന സ്ഥിതി വന്നതോടെ പൊലീസ് സേനക്ക് അകത്തും ആശയക്കുഴപ്പമാണ്. പൊലീസിനെതിരായ സിപിഎം നിലപാട് എതിരാളികളും നന്നായി ആയുധമാക്കുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി തന്നെയാണെന്നും. നിയന്ത്രണം പോകുമ്പോളാണ് നേതാക്കളുടെ പരസ്യവിമർശനവുമെന്നാണ് കുറ്റപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam