കർഷക സമരം ശക്തിപ്പെടുത്താൻ കൂടുതൽ പിന്തുണ നൽകാൻ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

By Web TeamFirst Published Jan 31, 2021, 7:11 AM IST
Highlights

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരം ശക്തിപ്പെടുത്താനായി കൂടുതൽ പിന്തുണ നൽകാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനം. ഇതിനായി കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യും. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ കൂട്ടായി കേന്ദ്ര സർക്കാരിനെതിരായി പ്രതിഷേധം തീർക്കണമെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളം, ബംഗാൾ, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് സിപിഎം സഖ്യം ഉള്ള ബംഗാളിലെ സീറ്റ് വിഭജന ചർച്ചകളും സിസി വിലയിരുത്തി. രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും.

അതേസമയം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിക്കുന്നത്. താങ്ങുവിലയടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കും. അണ്ണ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കും. ആറ് മാസത്തിനുള്ളിൽ സമിതി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

കർഷക സമരത്തിലേക്ക് കൂടുതൽ ആളുകൾ എത്താതിരിക്കാൻ നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. സമരകേന്ദ്രങ്ങളിൽ ഇന്ന് വൈകീട്ട് വരെ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. നിയമങ്ങൾ മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം കർഷക സംഘടനകൾ ചർച്ച ചെയ്യും. കേന്ദ്ര സർക്കാരുമായി തുടർ ചർച്ചകൾ നടത്തുന്ന കാര്യത്തിലും സംഘടനകൾ ഉടൻ തീരുമാനമെടുക്കും. ചർച്ചക്ക് കർഷകരും തയ്യാറാണെന്നും എന്നാൽ കൃഷി നിയമം പിൻവലിക്കണമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു. സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. ചെങ്കോട്ട സംഘർഷം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ നാട്ടുകാരെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

click me!