ശക്തമായി പ്രതികരിക്കേണ്ട സമയത്ത് രാജ്യത്തെ മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നു; ടെലഗ്രാഫ് എഡിറ്റർ ആർ.രാജഗോപാൽ

By Web TeamFirst Published Jan 30, 2021, 9:43 PM IST
Highlights

തലക്കെട്ടുകൾ കൊണ്ട് ശ്രദ്ധേയമായ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ രാജഗോപാൽ സംസാരിച്ചത് രാജ്യത്തെ മാധ്യമങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ചാണ്.  

തിരുവനന്തപുരം: ശക്തമായി പ്രതികരിക്കേണ്ട സമയത്ത് രാജ്യത്തെ മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നുവെന്ന് ടെലഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ.  ഭരണകൂടങ്ങൾക്കെതിരെ ചോദ്യമുയർത്താൻ മാധ്യമങ്ങൾക്കാകണമെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.  ടിഎൻജി അവാർഡ് ദാന ചടങ്ങിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തലക്കെട്ടുകൾ കൊണ്ട് ശ്രദ്ധേയമായ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ രാജഗോപാൽ സംസാരിച്ചത് രാജ്യത്തെ മാധ്യമങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ചാണ്.  പ്രതിപക്ഷത്തിരിക്കേണ്ട മാധ്യമങ്ങൾ ഭരണത്തിനനുകൂലനിലപാട് സ്വീകരിക്കുന്നുവെന്ന് സൂചിപ്പിച്ചാണ്  സമീപകാലത്തെ രീതികളോടുള്ള കുറ്റപ്പെടുത്തൽ. അയോധ്യയിൽ പള്ളി പൊളിച്ചകാലത്ത് കടുത്ത വിമർശനം ഉയർത്തിയ ഇന്ത്യൻ മാധ്യമങ്ങൾക്ക് അയോധ്യാ വിധിവന്നപ്പോഴുണ്ടായ മാറ്റം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം

കുറിക്കുകൊള്ളുന്ന തലക്കെട്ടുകളിൽ തന്നെ മാധ്യമങ്ങളുടെ രാഷ്ട്രീയവും നിലപാടും പ്രതിഫലിക്കണം. ഓരോ തലക്കെട്ടുകൾക്ക് പിന്നിലും ന്യൂസ് റൂമുകളിലുണ്ടാകുന്ന ഗൗരവമായ ചർച്ചകളുടേയും അനുഭവങ്ങൾ കൂടി പങ്ക് വെച്ചായിരുന്നു ആർ രാജഗോപാലിൻറെ പ്രസംഗം. ലോകത്തിൽ തന്നെ ആകർഷിച്ച തലക്കെട്ട് കൂടി വിശദീകരിച്ചായിരുന്നു രാജഗോപാൽ പ്രസംഗം അവസാനിപ്പിച്ചത്.

click me!