ഇടത് മതേതര നിലപാടുകളെ ദുർബലപ്പെടുത്തുന്ന പ്രസ്താവന, സജി ചെറിയാനോട് സിപിഎം തിരുത്തൽ ആവശ്യപ്പെട്ടേക്കും

Published : Jan 20, 2026, 10:14 AM IST
Saji Cherian

Synopsis

മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ സിപിഎം ഇടപെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശം തിരുത്താൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കും. 

തിരുവനന്തപുരം : മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേര് പരാമർശിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായതോടെ ഇടപെടാൻ സിപിഎം. വിവാദ പ്രസ്താവനയിൽ സജി ചെറിയാനോട് തിരുത്തൽ ആവശ്യപ്പെട്ടേക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത വേളയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ സിപിഎം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതിനു മുമ്പും വിവാദ പരാമർശങ്ങൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സജി ചെറിയാൻ ഇത്തവണയും പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള അഭിപ്രായം. ഇടതുപക്ഷത്തിന്റെ മതേതര നിലപാടുകളെ ഇത് ദുർബലപ്പെടുത്തിയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന ആശങ്കയിൽ, മന്ത്രി തിരുത്തൽ വരുത്തണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കും.

കാസർകോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രിയുടെ വാക്കുകൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് മന്ത്രി നടത്തിയ ഈ പരാമർശം, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പരാമർശം വിവാദമായിട്ടും കഴിഞ്ഞ ദിവസം മന്ത്രി അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമാകുമെന്ന് പാർട്ടി ഭയപ്പെടുന്നു.

മന്ത്രിയുടെ വിശദീകരണത്തെ തള്ളിക്കൊണ്ട് മുസ്ലിം ലീഗും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വർഗീയത ആളിക്കത്തിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതിനാൽ രാജി വെയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിൽ മന്ത്രി പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. 
 

സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു., വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധന, 'സ്വ‍ർണക്കൊള്ളയില്‍ പൂർണ്ണ വ്യാപ്തി വെളിപ്പെടുത്തും'
സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ; 'വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല'