
കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു., വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സജി ചെറിയാന്‍റെ പ്രസ്താവനയിൽ ഇന്നലെ എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല. സിപിഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ജമാഅത്ത് ഇസ്ലാമികമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി. ഡി സതീശനെന്നും എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി ഡി സതീശനെനും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടാണ് സിപിഎമ്മിന്‍റേതെന്നും വര്‍ഗീയ വിരുദ്ധമല്ലാത്ത ശരിയായ ഭാഷയിൽ ആര് പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്‍റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, മന്ത്രി വി അബ്ദുറഹ്മാൻ ജമാഅത്ത് ഇസ്ലാമിയുമായി വേദി പങ്കിട്ടതിൽ എം വി ഗോവിന്ദൻ പ്രതികരിച്ചില്ല.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam