വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി; 'അവഗണിച്ച് തള്ളേണ്ടത്'

Published : Apr 08, 2025, 04:30 PM IST
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി; 'അവഗണിച്ച് തള്ളേണ്ടത്'

Synopsis

എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സിപിഎം സഹകരിക്കുമെന്ന് എംഎ ബേബി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് തിരുത്തി ഒരാൾ തിരിച്ചെത്തിയാൽ അയാൾ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷെ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിൻ്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താൻ വേണ്ടിയുള്ള ഇടപെടൽ നടത്തും. പ്രായ പരിധി മൂലം പാർട്ടി ചുമതലകളിൽ നിന്ന് ഒഴിഞ്ഞവർ മുമ്പത്തേത് പോലെ പാർടിക്ക് സംഭാവനകൾ നൽകി തുടർന്നു പോകും. 

എമ്പുരാനേതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല, ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്, ബിജെപി സർക്കാരിൻ്റെ പാവകളായി ഗവർണർമാർ മാറുന്നു. കോടതികൾ ഇത് നിസംഗമായി നോക്കിനിൽക്കുന്നു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത കോടതികൾക്കുണ്ട്. ഇന്ന് ഇക്കാര്യത്തിൽ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് വന്നത്.

ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചിൽ ആണെന്നു മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോൾ അത് മാറി വരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവർ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണം. സിപിഎം ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാൻ ഞങ്ങൾ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിൻ്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി വ്യക്തമാക്കി.
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം