വിഭാഗീയതയിൽ അന്വേഷണം; സിപിഎം കമ്മീഷൻ തെളിവെടുപ്പിനായി ആലപ്പുഴയിൽ

Published : Aug 18, 2022, 11:15 AM IST
വിഭാഗീയതയിൽ അന്വേഷണം; സിപിഎം കമ്മീഷൻ തെളിവെടുപ്പിനായി ആലപ്പുഴയിൽ

Synopsis

ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി ഏരിയാ സമ്മേളനങ്ങളിലെ ചേരിതിരിവും വിഭാഗീയതയുമാണ് അന്വേഷിക്കുന്നത്

ആലപ്പുഴ: ജില്ലയ്ക്ക് അകത്ത് പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. ഇതിനായി പാർട്ടി അന്വേഷണ കമ്മീഷൻ ആലപ്പുഴയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ മുൻ മന്ത്രി ടിപി രാമകൃഷ്ണനും മുൻ എംപി പികെ ബിജുവുമാണ് ആലപ്പുഴയിലെത്തിയത്.

ജില്ലയിൽ സിപിഎം സമ്മേളനങ്ങളിലെ വിഭാഗീയതയിലാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി ഏരിയാ സമ്മേളനങ്ങളിലെ ചേരിതിരിവും വിഭാഗീയതയുമാണ് അന്വേഷിക്കുന്നത്. ഏരിയാ കമ്മിറ്റി അംഗങ്ങൾ, പരാതി നൽകിയവർ എന്നിവരിൽ നിന്നാണ് തെളിവെടുപ്പ് നടക്കുക.

മുൻ മന്ത്രി സജി ചെറിയാൻ, എ എം ആരിഫ്,  എച്ച് സലാം, പി പി ചിത്തരഞ്ജൻ തുടങ്ങി നേതാക്കൾക്ക് പിന്നിൽ ഗ്രൂപ്പുകൾ പലതുണ്ട്.  സജി ചെറിയാന്‍റെ നിയന്ത്രണത്തിലായിരുന്നു ജില്ലയിലെ സംഘടനാ സംവിധാനം. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും മുൻപ് ഉൾപ്പോര് ശക്തമായ നിരവധി സ്ഥലങ്ങളും ആലപ്പുഴയിൽ ഉണ്ടായിരുന്നു. പാർട്ടി ശക്തികേന്ദ്രമായ മാരാരിക്കുളമായിരുന്നു ഇതിൽ പ്രധാനം.

മുൻ മന്ത്രി ജി സുധാകരന് ജില്ലയിലെ പാർട്ടിയിൽ  ഉണ്ടായിരുന്ന ആധിപത്യം, പൂർണ്ണമായി ഇല്ലാതാക്കാൻ പുതിയ നേതൃനിര ജില്ലയിൽ നടത്തിയ നീക്കങ്ങളുടെ ക്ലൈമാക്സായിരുന്നു കഴിഞ്ഞ സമ്മേളന കാലം. തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും അന്വേഷണ കമ്മീഷനെ ഇറക്കിയും, ഒപ്പംനിന്ന നേതാക്കളെ വെട്ടിനിരത്തിയും സുധാകര പക്ഷത്തെ വലിയരീതിൽ പ്രതിരോധത്തിലാക്കാൻ എതിർചേരിക്ക് കഴിഞ്ഞിരുന്നു. ജില്ലയിലെ തോമസ് ഐസക് - ജി സുധാകര സമവാക്യം മാറ്റിയെഴുതിയാണ് പുതിയ ചേരി ശക്തമായത്.

ചേരിതിരിഞ്ഞുള്ള തർക്കവും വിഭാഗീയതയും രൂക്ഷമായതോടെ ആലപ്പുഴ നോർത്ത് സിപിഎം ഏരിയ സമ്മേളനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിലാണ് തർക്കം രൂക്ഷമായത്. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്. വിഭാഗീയത രൂക്ഷമായതോടെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുകയും സംഘടനാ റിപ്പോർട്ടിന് മേലുള്ള ചർച്ചയ്ക്കിടെ ഉയർന്ന വിമർശനങ്ങളിൽ ഒരു ഘട്ടത്തിൽ വടിയെടുക്കുകയും ചെയ്തിരുന്നു. വിഭാഗീയത  ഇനി വച്ചു പൊറുപ്പിക്കില്ലെന്നും ഗ്രൂപ്പിസം നടത്തുന്നവരെ സംസ്ഥാന നേതൃത്വത്തിന് കൃത്യമായി അറിയാമെന്നും അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ