വിഴിഞ്ഞം, 'ഇടപെടല്‍ നടത്താമെന്ന് സിപിഎം ഉറപ്പുനല്‍കി': സമരസമിതി

By Web TeamFirst Published Sep 24, 2022, 4:43 PM IST
Highlights

ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായത്തിനായി ഇടപെട്ട് സി പി എം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമര സമിതി നേതാക്കളുമായി ചർച്ച നടത്തി. വിഴിഞ്ഞം രാപ്പകൽ സമരത്തിന്‍റെ നാല്‍പ്പതാം ദിനത്തിലാണ് നിർണായക ഇടപെടലുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. നാല് തവണ മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തിയിട്ടും സമരം അവസാനിപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് സി പി എം ഇടപെടൽ. ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ . യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള സമര സമിതി അംഗങ്ങളാണ് സി പി എം സെക്രട്ടറി എം വി ഗോവിന്ദനെ എ കെ ജി സെന്‍ററിലെത്തി കണ്ടത്. 

സമര സമിതി ഉന്നയിച്ച ആവശ്യങ്ങളിൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് സി പി എം സെക്രട്ടറിയുടെ ഉറപ്പ് കിട്ടിയതായി സമര സമിതി അറിയിച്ചു. മത്സ്യതൊഴിലാളി പ്രശ്നം പരിഹരിക്കാനായി സമഗ്ര പാക്കേജ് എന്ന ആവശ്യത്തിലൂന്നിയാകും തുടർ ചർച്ചകൾ. തീരശോഷണം പഠിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. മണ്ണെണ്ണ സബ്‍സിഡിക്കായി കേന്ദ്രത്തെ സമീപിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ
തിങ്കളാഴ്ച സമരസമിതി നിലപാട് അറിയിക്കും. ചൊവ്വാഴ്ച മന്ത്രിസഭാ ഉപസമിതിയുമായി വീണ്ടും ചർച്ച നടക്കും. ആശങ്കകൾ അവസാനിച്ചാൽ സമവായം സാധ്യമാണെന്നാണ് സമര സമിതിയുടെ പ്രതികരണം.

tags
click me!