കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾക്ക് ഇനിയും സീറ്റ് ലഭിക്കാത്തത് പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല. കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ബി ഗോപാലകൃഷ്ണന് അതൃപ്‌തിയുണ്ടെന്നും എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തത് മൂലമെന്നുമാണ് സൂചന.

ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കൾ അതൃപ്തിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകർ പരാതിപ്പെടുന്നത്. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, സ്ഥാനാര്‍ത്ഥിയായി ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ആളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന് പോലുമുള്ള വിമർശനം ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.

അതേസമയം, കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് നോബിള്‍ മാത്യുവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നിൽ ജോർജ് കുര്യനാണെന്നായിരുന്നു നോബിളിന്റെ ആരോപണം. നോബിള്‍ കാഞ്ഞിരപ്പളളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ട്വന്‍റി ട്വന്‍റിയടക്കമുള്ള ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന നേതൃത്വത്തിന്‍റെ സമീപനത്തിലും ബിജെപിയില്‍ അതൃപ്തി പുകയുന്ന സാഹചര്യത്തിൽ ബാക്കി സ്ഥാനാര്‍ത്ഥി പട്ടിക കൂടി പുറത്തുവരുമ്പോള്‍ കൂടുതല്‍ എതിര്‍പ്പുകള്‍ മറനീക്കി പുറത്തുവരുമെന്നാണ് സൂചന.