'പാലായില്‍ കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി'; സിപിഎം ഇന്ന് അന്വേഷണ കമ്മീഷൻ രൂപീകരിക്കും

By Web TeamFirst Published Jul 19, 2021, 7:21 AM IST
Highlights

പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടത്. 

കോട്ടയം: പാലാ തോൽവിയെക്കുറിച്ചന്വേഷിക്കാൻ കോട്ടയം സിപിഎം ജില്ലാ നേതൃത്വത്വം ഇന്ന് അന്വേഷണ കമ്മീഷൻ രൂപീകരിക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് ഇക്കാര്യത്തിൽ  തീരുമാനമെടുക്കുന്നത്. എന്നാൽ പാലാ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് ജില്ലാ നേതാക്കളുടെ വാക്കുകൾ തരുന്ന സൂചന.

പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഘടക കക്ഷികളുടെ തോൽവിയെക്കുറിച്ച് പഠിക്കാൻ സിപിഎം തന്നെ ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നത് അപൂർവ്വമാണ്. എന്നാൽ കേരള കോണ്‍ഗ്രസ്  എൽഡിഎഫിന്‍റെ അഭിവാജ്യ ഘടകമായതിനാൽ അവരുടെ പരാതി തളിക്കളയാനാകില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വത്വം. 

അത് കൊണ്ടാണ് ജില്ലാ നേതൃത്വം എതിർത്തിട്ടും ഇത്തരത്തിൽ ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്ന നിലപാടുമായി സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ നേതൃ യോഗത്തിൽ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ   അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. എന്നാൽ പാലായിലെ തോൽവി ബിജെപിയുട വോട്ടുകൾ മറിഞ്ഞതാണെന്ന് മുൻ നിലപാടിൽ ഉറച്ചതു നിൽക്കുകയാണ് ജില്ലാ നേതൃത്വം.

സിപിഎമ്മിനൽ ജോസ് കെ മാണിയോടുളള സ്വീകാര്യത കുറവും  സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിലെ വോട്ട് ചോർച്ചയും കാരണമാണ് പാലായിൽ ജോസ് കെ മാണിക്ക് അടിയറവു വെക്കേണ്ടി വന്നത്. മാത്രമല്ല് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് നടന്ന നഗരസഭയിലെ കയ്യാങ്കളിയും തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതിഫലിച്ചു.

സിപിഎം അംഗമായിരുന്ന സിന്ധു മോൾ ജേക്കബ് പിറവത്ത്  കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സിന്ധു മോൾ ജേക്കബിനെ പാർട്ടിയിൽ നിന്ന പുറത്താക്കണമെന്നും നിലവിൽ വഹിച്ച് കൊണ്ടിരിക്കുന്ന ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യവും ജില്ലാ യോഗം പരിഗണിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!