
ഒറ്റപ്പാലം: അന്തരിച്ച ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനും സിപിഎം നേതാവുമായ പി കെ പ്രദീപ്കുമാറിന്‍റെ ഒസ്യത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറാലകുന്നു. അദ്ദേഹം മക്കള്‍ക്ക് എഴുതിയ വൈകാരികമായ കത്താണ് പുറത്ത് വന്നിട്ടുള്ളത്. അച്ഛന്‍ മരിച്ച് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് മക്കള്‍ കത്ത് പങ്കുവെച്ചത്. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് പ്രദീപ് കുമാര്‍ മക്കള്‍ക്ക് ഇത്തരമൊരു കത്ത് എഴുതിയത്.
കത്തിലെ വരികള്‍ ഇങ്ങനെ
"അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർട്ടി ഓഫീസിൽ നിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചുവക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക. അതിൽ അച്ഛനുണ്ട്. ലോകജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാൽ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും..."
മന്ത്രി വി ശിവന്‍കുട്ടിയടക്കം പി കെ പ്രദീപ്കുമാറിന്‍റെ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഫേസ്ബുക്കില്‍ നിരവധി സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ് കത്ത് പങ്കുവെച്ച് കൊണ്ട് വൈകാരികമായി പ്രതികരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ എട്ടിനാണ് പ്രദീപ്കുമാര്‍ അന്തരിച്ചത്. എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ച് കൊണ്ടാണ് പ്രദീപ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. 1995 ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നഗരസഭ അംഗമായി. ഇ രാമചന്ദ്രൻ ചെയർമാനായിരിക്കുന്ന കാലത്ത് വൈസ് ചെയർമാനായി. ഭാര്യ: രാജലക്ഷ്‌മി (അധ്യാപിക). മക്കൾ: മൻമോഹൻ (കെഎഎസ് ഓഫീസർ), രാജ്‌മോഹൻ (അഭിഭാഷകൻ), മരുമകൾ: എസ് കെ ശ്രുതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam